എസ്​.ഐ ട്രെയിനിയോട് മോശമായി പെരുമാറിയ ആൾ മന്ത്രിക്കൊപ്പം വേദിയിൽ

തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ പരിശീലനത്തിനിടെ വനിത ട്രെയിനിയോട് മോശമായി പെരുമാറിയ സംഭവത്തിലെ ആരോപണ വിധേയൻ കഴിഞ്ഞ ദിവസം പൊലീസ് അക്കാദമിയിൽ മന്ത്രി വി.എസ്. സുനിൽകുമാർ പങ്കെടുത്ത പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ വേദി പങ്കിട്ടു. സംഭവത്തിൽ അന്വേഷണം പ്രഹസനമെന്ന് ആക്ഷേപം ഉയരുന്നതിനിടെ നടന്ന വേദി പങ്കിടൽ കേസ് ഒതുക്കുന്നതിൻെറ ഭാഗമാണത്രെ. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. തൊഴിലിടത്തിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമമുണ്ടായി എന്ന വകുപ്പ് ചേർത്തുള്ള പരാതിയിൽ പേരിനുള്ള അന്വേഷണമാണ് നടക്കുന്നതത്രെ. ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെ ഉദ്യോഗസ്ഥനിൽനിന്ന് മൊഴി ശേഖരണം പോലും നടത്തിയില്ലെന്നും പറയുന്നു. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതിൽ കടുത്ത അമർഷത്തിലാണ് സേനാംഗങ്ങൾ. കഴിഞ്ഞയാഴ്ചയാണ് വനിത സബ് ഇൻസ്പെക്ടർ ട്രെയിനിങ്ങിൽ പങ്കെടുത്തവരെ മതിലിൽ കയറ്റുന്ന സമയത്ത് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അപമര്യാതയായി സ്പർശിച്ച സംഭവമുണ്ടായത്. വനിത ഉദ്യോഗസ്ഥയുടെ ചുമതലയിലുള്ള സ്ഥാപനത്തിൽ വനിത ട്രെയിനികൾക്ക് നേരെയുണ്ടായ പെരുമാറ്റത്തിലും, പരാതി നൽകിയിട്ടും ഇത് സംബന്ധിച്ച് വിശദീകരണം തേടാൻ പോലും ശ്രമിക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതിനിടെ പരാതി ഉയർത്തിയ ട്രെയിനികളോട്, പരിശീലനം പൂർത്തിയാക്കാൻ അനുവദിക്കില്ലെന്നും ഡിവൈ.എസ്.പി, സി.ഐമാരെല്ലാം തൻെറ ശിഷ്യരാണെന്നും അധികം കളിച്ചാൽ അനുഭവിക്കുമെന്നും ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.