തൃശൂർ: 'നാല് ചുമരുകൾക്കപ്പുറം ഇത് ഒരു തലമുറയുടെ അടയാളപ്പെടുത്താൻ കൂടിയായിരുന്നു. വികസന വീഥികൾക്ക് വേണ്ടി വഴിമാറിക്കൊടുക്കുന്ന നിനക്ക് ഞങ്ങളുടെ ഹൃദയത്തിൽ ചാലിച്ച യാത്രാമംഗളങ്ങൾ... തപാൽ കുടുംബം' -പൊളിക്കാൻ പോകുന്ന കെട്ടിടത്തിന് വിട ചൊല്ലി അവിടെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാർ സ്ഥാപിച്ച ബോർഡിലെ വാക്കുകൾ ആണിത്. തൃശൂരിലെ നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പായ പട്ടാളം റോഡ് വികസനത്തിന് വേണ്ടി പൊളിക്കാൻ കോർപറേഷൻ ഏറ്റെടുത്ത സ്പീഡ് പോസ്്റ്റ് ഓഫിസ് കെട്ടിടത്തിന് മുന്നിലാണ് ജീവനക്കാർ വികാര നിർഭരമായ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. പെരുന്നാൾ അവധി ദിവസത്തെ ഇവിടുത്തെ രേഖകളും സംവിധാനങ്ങളും കോർപറേഷൻ താൽകാലികമായി അനുവദിച്ച സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റി. വ്യാഴാഴ്ച പുതിയ സ്ഥലത്താണ് ഓഫിസ് പ്രവർത്തിച്ചത്. കെട്ടിടം ഒഴിഞ്ഞ ബുധനാഴ്ച്ച ജീവനക്കാർ കെട്ടിടത്തിന് മുന്നിൽനിന്ന് യാത്രയയപ്പ് യോഗവും നടത്തിയിരുന്നു. പ്രധാന പോസ്്റ്റ് ഓഫിസ് ശക്തൻ നഗറിലും ഇവിടെ പ്രവർത്തിച്ചിരുന്നത് സ്പീഡ് പോസ്്റ്റ് ഓഫിസും ആയിരുന്നുവെങ്കിലും തൃശൂരിലെ പോസ്്റ്റ് ഓഫിസ് എന്നാൽ അറിഞ്ഞിരുന്നത് ഈ കെട്ടിടത്തിനെ ആയിരുന്നു. സമീപകാലത്ത് അഴീക്കോടൻ രാഘവൻ റോഡ് എന്ന് നാമകരണം നടത്തിയിരുന്നുവെങ്കിലും റെയിൽവേ സ്്റ്റേഷൻ- കെ.എസ്.ആർ.ടി.സി റോഡ് ആളുകൾക്ക് ഇപ്പോഴും പോസ്്റ്റ് ഓഫിസ് റോഡ് ആണ്. കെട്ടിടം ഞായറാഴ്ച രാവിലെ പൊളിച്ചു നീക്കും. എന്നാൽ ഈ കെട്ടിടം മാത്രം പൊളിച്ചാൽ പട്ടാളം റോഡ് വികസനം നേരത്തെ ആലോചിച്ചതനുസരിച്ച് മതിയാവില്ല. സമീപത്തെ മാരിയമ്മൻ ക്ഷേത്രഭൂമിയുടെ മുൻഭാഗം നേരത്തെ വികസനാവശ്യത്തിനു വിട്ടു തരാമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിരുന്നു. എന്നാൽ ക്ഷേത്ര ഭൂമി പൂർണമായും ഏറ്റെടുക്കാനാവുമോ എന്നാണ് കോർപറേഷൻ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ ഇത് വരെയും ചർച്ചയൊന്നും നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.