കൊടകര: ഈ വര്‍ഷം ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ഒറ്റ ദിവസം അധ്യയനം ആരംഭിച്ചതുപോലെ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്ന് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകള്‍ ഒറ്റ ദിവസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളെ ഉത്തമ പൗരന്മാരാക്കി വളര്‍ത്തുന്നത് വിദ്യാലയങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഫലമായി വിദ്യാഭ്യാസ മേഖല പൊതുവേ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍, തുടക്കത്തില്‍ ഉണ്ടായിരുന്ന ആവേശം ഇപ്പോള്‍ കൈമോശം വന്ന നിലയിലാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികവിലേക്കുയര്‍ന്ന പോലെ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങള്‍ വളര്‍ന്നുവന്നില്ല. പശ്ചാത്തല സൗകര്യവും അക്കാദമിക് നിലവാരവും വര്‍ധിക്കാനുതകുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ എല്ലാറ്റിനും സര്‍ക്കാറിനെ മാത്രം ആശ്രയിക്കേണ്ടതില്ല . നാടിൻെറ വിഭവശേഷി കൂടി സ്‌കൂളുകളുടെ വികസനത്തിന് ഉപയോഗപ്പെടുത്തണം. ഒരു വിദ്യാലയം മികവിൻെറ കേന്ദ്രമായി ഉയര്‍ത്താന്‍ ആ നാട്ടിലെ പൂര്‍വവിദ്യാർഥികളും പൂര്‍വ അധ്യാപകരും അടക്കമുള്ള നാട്ടിലെ എല്ലാവിഭാഗം ജനങ്ങളും ഒരുമിച്ച് നിന്ന് പരിശ്രമിക്കണം. ഭാവിയുടെ വാഗ്ദാനങ്ങളെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ തകര്‍ത്തുകളയാന്‍ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പും ആരോഗ്യം, എക്‌സൈസ്, പൊലീസ് ,തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയും ചേര്‍ന്നുള്ള ജാഗ്രത ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഈ അധ്യയനവര്‍ഷം മുതല്‍ നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. എല്ലാ പഞ്ചായത്തിലും കുളങ്ങള്‍ സജ്ജീകരിക്കും. അടുത്ത വര്‍ഷം സംസ്ഥാനത്തെ മൂന്ന് മേഖലകളില്‍ ആധുനിക സൗകര്യത്തോടെ സ്വിമ്മിങ് പൂളുകള്‍ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, എം.എല്‍.എ മാരായ ബി.ഡി.ദേവസി, വി.ആര്‍. സുനില്‍കുമാര്‍, ഇ.ടി. ടൈസന്‍, കെ.യു. അരുണന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മഞ്ജുള അരുണന്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ്പി.സി. സുബ്രന്‍, പ്രിന്‍സിപ്പൽ ടി.വി. ഗോപി, പി.ടി.എ പ്രസിഡൻറ് മധു തൈശുവളപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.