ചാവക്കാട്: ചാവക്കാട് നഗരസഭയിൽ നടന്ന ബജറ്റ് ചര്‍ച്ച രാഷ്ട്രീയ പ്രസംഗങ്ങളായി മാറി. ബജറ്റിൽ ആമുഖമായി പറഞ്ഞ പ്രളയ ക്കെടുതിയും സ്ത്രീ ശക്തി വിളിച്ചോതിയ വനിതമതിലുമാണ് ചർച്ചക്ക് കാരണമായത്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.സി. ആനന്ദനാണ് ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിച്ചത്. ബജറ്റിനെ അദ്ദേഹം പുകഴ്ത്തി. ബജറ്റില്‍ വനിതമതിലിനെ പരോക്ഷമായി പരാമർശിച്ചത് തുടർന്ന് സംസാരിച്ച പ്രതിപക്ഷ അംഗം പി.എം. നാസര്‍ ചോദ്യം ചെയ്തു. സ്ത്രീകള്‍ അശുദ്ധരാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ബജറ്റുമായി ബന്ധമില്ലാത്ത ഇക്കാര്യം ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്തിനെന്നും നാസര്‍ ചോദിച്ചു. ചാവക്കാടിനെ പിടിച്ചുയർത്തിയ ഗൾഫ് പ്രവാസികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുമ്പോൾ അവർക്കായി പുനരധിവാസമുൾെപ്പടെ ഒരു കാര്യവും ബജറ്റിലില്ലെന്നും നാസർ കുറ്റപ്പെടുത്തി. പ്രവാസികളുടെ വീടുകൾക്ക് കനത്ത നികുതിയാണ് ചുമത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും ബജറ്റില്‍ ഒന്നുമില്ലെന്ന് നാസര്‍ കുറ്റപ്പെടുത്തി. മുന്‍ എം.എല്‍.എ. പി.കെ.കെ. ബാവയാണ് കരുവന്നൂര്‍ കുടിവെള്ള പദ്ധതിയുടെ ആശയം ആദ്യമായി കൊണ്ടുവന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍ 2009ല്‍ ഭരണാനുമതി കിട്ടിയ പദ്ധതിക്ക് പി.കെ.കെ. ബാവയുമായി ഒരു ബന്ധവുമില്ലെന്ന് ഇതിന് മറുപടിയായി ഭരണപക്ഷ കൗണ്‍സിലര്‍ എ.എച്ച്. അക്ബര്‍ പറഞ്ഞു. എന്നാല്‍ കരുവന്നൂര്‍ പദ്ധതിക്കുവേണ്ടി മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചത് പി.കെ.കെ. ബാവ തന്നെയാണെന്നും പദ്ധതി പിന്നീട് ചെറുകിട പട്ടണങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള യു.ഐ.ഡി.എസ്.എസ്.എം.ടിയില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി പറഞ്ഞു. കരുവന്നൂര്‍ പദ്ധതിയുമായി പി.കെ.കെ. ബാവക്ക് ബന്ധമില്ലെന്ന വാദം വിലപ്പോവില്ലെന്നും സൈസണ്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ടൗണ്‍ഹാള്‍ നിര്‍മാണത്തെക്കുറിച്ച് പരാമര്‍ശം പോലും ഇല്ലാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് കേരള കോണ്‍ഗ്രസ് അംഗം വി.ജെ. ജോയ്‌സി പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പല പദ്ധതികളും പൂര്‍ത്തായാക്കാനായെന്നും പലതും പൂര്‍ത്തീകരണഘട്ടത്തിലാണെന്നും ഭരണകക്ഷി അംഗങ്ങളായ പി.ഐ. വിശ്വംഭരന്‍, എ.എ. മഹേന്ദ്രന്‍, എം.ബി. രാജലക്ഷ്മി, കെ.എച്ച്. സലാം, സഫൂറ ബക്കര്‍, പി.പി. നാരായണന്‍ തുടങ്ങിയവര്‍ പറഞ്ഞു. എല്ലാ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.