കേരളം ഭരിക്കുന്നത് പരാജയപ്പെട്ട സർക്കർ -മുല്ലപ്പള്ളി

ചേലക്കര: സമസ്‌ത മേഖലയിലും പരാജയപ്പെട്ട സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജില്ലയിൽ പ്രവേശിച്ച ജനമഹായാത്രക്ക് ചേലക്കരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. പ്രളയംകഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. ശബരിമലയെ കലാപഭൂമിയാക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ ശ്രമിക്കുകയാണ്. കലാപത്തിലൂടെ രാഷ്ട്രീയനേട്ടമാണ് ബി.ജെ.പിയുടെ ലക്ഷ്യം. നരേന്ദ്ര മോദിയും പിണറായി വിജയനും പരാജിതരായ ഭരണാധികാരികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ടി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചേലക്കരയിൽ വൈകീട്ട് നാലരക്ക് തീരുമാനിച്ച യോഗത്തിൽ നാലുമണിക്കൂറിലധികം വൈകി രാത്രി എട്ടേമുക്കാലോടെയാണ് മുല്ലപ്പള്ളി എത്തിയത്. പാലക്കാട് വടക്കഞ്ചേരിയിൽനിന്ന് പ്ലാഴിവഴി ജില്ലയിലെത്തിയ യാത്രയെ പഴയന്നൂരിൽ പാലക്കാട് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, ടി.എൻ. പ്രതാപൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, എ.പി. അനിൽകുമാർ, ലതിക സുഭാഷ്, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ.സി. അബു, ജോൺസൻ എബ്രഹാം, വി. ബലറാം, കെ.പി. വിശ്വനാഥൻ, ഒ. അബ്ദുറഹ്മാൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.