പുതിയ ബസ് ടെർമിനലും തെരുവ് കച്ചവട സമുച്ചയവും വരുന്നു ആധുനിക രീതിയിൽ പൊതുശൗചാലയവും നിർമിക്കും ഗുരുവായൂർ: ബസ് ടെർമിനലിെൻറയും തെരുവ് കച്ചവട സമുച്ചയത്തിെൻറയും (സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സ്) നിർമാണത്തിന് നഗരസഭ കൗൺസിൽ ഭരണാനുമതി നൽകി. ബസ് സ്റ്റാൻഡ് പൊളിച്ചാണ് ടെർമിനൽ നിർമിക്കുക. ബസ് സ്റ്റാൻഡിൽ നിന്ന് കിഴക്കെനടയിലേക്കുള്ള വഴിയിലെ കടമുറികളും സമീപത്തെ പൊതുശൗചാലയവും പൊളിച്ചാണ് 'L'(എൽ) ആകൃതിയിൽ സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സ് വരിക. 15 കോടി ചെലവ് പ്രതീക്ഷിക്കുന്ന ബസ് ടെർമിനലിന് 52,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. അർധ വൃത്താകൃതിയിലുള്ള ടെർമിനലിൽ 36 ബസുകൾ നിർത്താം. 100 പേർക്ക് ഇരിക്കാവുന്ന കാത്തിരിപ്പ് കേന്ദ്രം ശീതീകരിച്ചതാണ്. സ്ത്രീകൾക്ക് പ്രത്യേക കാത്തിരിപ്പ് മുറിയും മുലയൂട്ടൽ കേന്ദ്രവുണ്ട്. ശുചിമുറികളുമുണ്ട്. താഴത്തെ നിലയിൽ 13 കടമുറികളുണ്ട്. ഒന്നാമത്തെ നിലയിൽ ഓഫിസുകളാണ്. മൂന്ന് ലിഫ്റ്റുകളും എസ്കലേറ്ററുകളും ടെർമിനലിൽ ഉണ്ടാകും. മുകളിലെ നില 600 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെൻററാണ്. ഡൈനിങ് ഹാളുമുണ്ട്. നാല് കോടി ചെലവ് പ്രതീക്ഷിക്കുന്ന സ്ട്രീറ്റ് ഷോപ്പിങ് പ്ലാസയുടെ നിർമാണം സ്റ്റീൽ ഉപയോഗിച്ചാണ്. ഒരു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാവും. 37,500 ചതുരശ്ര അടിയാണ് ആകെ വിസ്തീർണം. ഇരുഭാഗത്തും ചെറിയ കട മുറികളും നടുവിലൂടെ വഴിയും കാണും. താഴത്തെയും ഒന്നാമത്തെയും നിലകളിൽ 42 കടമുറികൾ വീതമുണ്ട്. 10 അടി നീളവും ഒമ്പത് അടി വീതിയും ഉള്ളതാകും കട മുറികൾ. മുകൾ നിലയിൽ 10,000 ചതുരശ്ര അടി വിസ്തീർണമുള്ള തുറന്ന ഫുഡ് കോർട്ട് ആണ്. കെട്ടിടത്തിനായി പൊളിച്ചുമാറ്റുന്ന പൊതുശൗചാലയത്തിന് പകരമായി രണ്ട് നിലകളിലായി 80 ആധുനിക ശൗചാലയങ്ങളുള്ള സമുച്ചയവും ഇതോടൊപ്പമുണ്ട്. ട്രാൻസ്ജെൻഡറുകൾക്കും പ്രത്യേക സൗകര്യങ്ങളുണ്ടാവും. കച്ചവട സ്ഥാപനങ്ങളോട് ചേർന്ന് 24 ശൗചാലയങ്ങളുണ്ട്. നാല് സ്റ്റെയർകേസുകളും മൂന്ന് ലിഫ്റ്റുകളും ഉണ്ടാവും. തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ആർകിടെക്ചർ വിഭാഗം പ്രഫ. ഡോ. ജോസ്ന റാഫേലാണ് പദ്ധതിരേഖ തയാറാക്കിയത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയിലൂടെ പണം കണ്ടെത്താം. കൗൺസിൽ യോഗത്തിൽ വിശദാംശങ്ങൾ അവതരിപ്പിച്ചു. ഫോഗിങ് വെറും 'പുകമറ' കൊതുകിനെ തുരത്താൻ വഴി വേറെ നോക്കണം ഫോഗിങ്ങിനായി പത്ത് മാസത്തേക്ക് കത്തിച്ചത് ഒരു ലക്ഷം രൂപയുടെ ഡീസൽ ഗുരുവായൂർ: കൊതുകിനെതിരായ ഫോഗിങ് വെറും 'പുകമറ' മാത്രമാണെന്ന് കൗൺസിൽ യോഗത്തിൽ വെളിപ്പെടുത്തൽ. ആരോഗ്യ വിഭാഗം സൂപ്പർവൈസർ കെ. മൂസക്കുട്ടിയാണ് ഫോഗിങ് മൂലം കൊതുകിനെ നശിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. ഈ തുറന്നു പറച്ചിലിനെ മുൻ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി വിമർശിച്ചു. ഇത്തരം പ്രസ്താവനകൾ നഗരസഭയുടെ മറ്റ് പദ്ധതികളെയും സംശയത്തിലാക്കുമെന്ന് അവർ പറഞ്ഞു. 10 മാസം ഫോഗിങ് നടത്തിയ വകയിൽ 1.08 ലക്ഷം രൂപ ഡീസലിന് മാത്രം ചെലവായതിെൻറ ബിൽ അനുവദിക്കുന്നത് ചർച്ചക്കെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് എ.പി. ബാബുവാണ് ഫോഗിങ്ങിെൻറ ശാസ്ത്രീയതയെ കുറിച്ച് സംശയം ഉന്നയിച്ചത്. ചെയർപേഴ്സൻ വി.എസ്. രേവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഹെൽത്ത് സൂപ്പർവൈസർ വിശദീകരണം നൽകിയത്. കാനകളിലെ സ്ലാബുകളുടെ അടിയിലുള്ള കൊതുകുകളെ തുരത്താൻ മാത്രമെ ഫോഗിങ് വഴി സാധിക്കുകയുള്ളൂയെന്ന് അദ്ദേഹം പറഞ്ഞു. അമൃത് പദ്ധതി നടപ്പാക്കിയ നഗരങ്ങളിൽ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) വഴി മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്ന് കോൺഗ്രസിലെ എ.ടി. ഹംസ പറഞ്ഞു. പഴയ നഗരസഭയെ മാത്രം ഉൾക്കൊള്ളിച്ചതിനാലാണ് കഴിഞ്ഞ മാസ്റ്റർ പ്ലാനിനെ എതിർത്തതെന്ന് മുൻ അധ്യക്ഷ പി.കെ. ശാന്തകുമാരി പറഞ്ഞു. മുൻ അധ്യക്ഷ തന്നെയാണ് കൗൺസിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് കോൺഗ്രസിലെ ആേൻറാ തോമസ് പറഞ്ഞത് ഭരണപക്ഷത്തിെൻറ പ്രതിഷേധത്തിനിടയാക്കി. പി.എം.എ.വൈ പദ്ധതിയും വളം വിതരണവും അനിശ്ചിതത്വത്തിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വീട് നിർമാണ പട്ടികയിലുള്ളവർക്ക് പണം അനുവദിക്കാൻ നഗരസഭ വായ്പയെടുക്കേണ്ട സാഹചര്യമാണ്. ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് മുമ്പ് നടപടി ക്രമങ്ങൾ പൂർത്തിയായില്ലെങ്കിൽ 543 പേരുടെ ഭവന നിർമാണം പ്രതിസന്ധിയിലാകും. ഉപാധ്യക്ഷൻ കെ.പി. വിനോദ്, കെ.വി. വിവിധ്, ടി.എസ്. ഷെനിൽ, സുരേഷ് വാര്യർ, ആർ.വി. അബ്ദുൽ മജീദ്, റഷീദ് കുന്നിക്കൽ, ഹബീബ് നാറാണത്ത്, അഭിലാഷ് വി. ചന്ദ്രൻ, പി.എസ്. രാജൻ, നിർമല കേരളൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.