ഗ്യാസ്​ സിലിണ്ടറിന്​ തീ പിടിച്ചാൽ അടുക്കളയിൽ തന്നെ കൈകാര്യം ചെയ്യുമെന്ന്​ വീട്ടമ്മമാർ

കൊടുങ്ങല്ലൂർ: തീ പിടിച്ച ഗ്യാസ് സിലിണ്ടറിന് മുന്നിൽ ആദ്യം വിരണ്ടുപോയവരുടെ മുഖത്ത് പിന്നെ കണ്ടത് ജിജ്ഞാസ. പിന്നെയത് കൗതുകത്തിന് വഴിമാറി. ക്രമേണ വീട്ടമ്മമാർ ഉൾപ്പെടുന്ന ആൾക്കൂട്ടത്തിൽ ചിരിയുടെ ഭാവമായി. ഒടുവിലാകെട്ട ഇനി ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ ഞങ്ങൾ അടുക്കളയിൽ തന്നെ അത് കൈാര്യം ചെയ്യുമെന്ന ഗമയിലായി ഇരിപ്പ്. മതിലകം പടിഞ്ഞാറ് അബ്ദുൽകലാം റോഡിൽ വിശാലമായ പറമ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ എങ്ങനെ അത് നിഷ്പ്രയാസം അപകടം കൂടാതെ കെടുത്താം എന്ന പ്രദർശന ക്ലാസും പരിശീലനവുമാണ് സംഘടിപ്പിച്ചത്. കിണറ്റിൽ വീണാൽ എങ്ങനെ രക്ഷപ്പെടുത്താം, വീണ് കൈ ഒടിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് തുടങ്ങി അടിയന്തര രക്ഷാദൗത്യങ്ങളെ കുറിച്ച് സ്വരുമ റസിഡൻസ് അസോസിയേഷനിലെ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്കാണ് ക്ലാസ് നൽകിയത്. സ്വരുമയുടെ ഉൽപന്നമായ മസാലപ്പൊടിയുടെ വിപണനത്തിനും വേദിയിൽ തുടക്കമായി. അസോസിയേഷനിലെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വീടുകളിലെ സ്തീകൾക്ക് സ്വയം തൊഴിൽ സംരംഭം ഏർപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്. ചെറുസംഘങ്ങളായി ഉണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങൾ മുഖ്യമായും സ്വരുമ അംഗങ്ങൾക്കിടയിലായിരിക്കും ആദ്യ ഘട്ടത്തിൽ വിൽക്കുക. കേരള പൊലീസ് ഹൈവേ സുരക്ഷ ജാഗ്രത സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസും ഫസ്റ്റ് എയ്ഡ് പരിശീലനവും അഗ്നിശമന സേന കൊടുങ്ങല്ലൂർ ഫയർ ഓഫിസർ കെ.വി. പ്രഭാകരൻ, ലീഡിങ് ഫയർമാൻ എം.എൻ. സുധൻ, ഫയർമാൻ കെ.വി. ഷിജിൽ എന്നിവർ നയിച്ചു. ചടങ്ങ് എസ്.ഐ എ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഹൈവേ സുരക്ഷ ജില്ല പ്രസിഡൻറ് ഇ.ജെ. വൽസൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. സുനിൽ കുമാർ, പഞ്ചായത്ത് അംഗം കെ.വൈ. അസീസ്, ഉണ്ണി പണിക്കശ്ശേരി, എം.ആർ. രതീഷ് , സ്വരുമ ഭാരവാഹികളായ പി.എം. നൗഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.