തൃശൂര്‍: 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. ആദ്യദിനത്തിന് സമാനമായിരുന്നു രണ്ടാം ദിവസവും. ബുധനാഴ്ച ജ ില്ലയിലെ ഭൂരിപക്ഷം സര്‍ക്കാര്‍ ഓഫിസുകളും അടഞ്ഞുകിടന്നു. അയ്യന്തോള്‍ കലക്ടറേറ്റില്‍ ജീവനക്കാര്‍ ആരുമെത്തിയില്ല. നഗരത്തിന് പുറമേ ഗ്രാമപ്രദേശങ്ങളിലെ മിക്ക സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍നില നന്നേ കുറവായത് ഹര്‍ത്താല്‍ പ്രതീതിയുണ്ടാക്കി. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സര്‍വിസ് നടത്തിയില്ല. തൃപ്രയാർ - തൃശൂർ റൂട്ടിൽ ഒരു സ്വകാര്യ ബസ് സർവിസ് നടത്തി. ബുധനാഴ്ചയും സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു. രാവിലെ 9.10നുള്ള തൃശൂർ പാസഞ്ചർ ട്രെയിനാണ് തടഞ്ഞത്. വടക്കാഞ്ചേരി, ഇരിങ്ങാലക്കുട സ്റ്റേഷനുകളില്‍ ഉപരോധസമരവും നടത്തി. ചൊവ്വാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നപ്പോള്‍ ബുധനാഴ്ച ഇതിന് നേരിയ മാറ്റമുണ്ടായി. കാട്ടൂർ ഗവ. സ്കൂൾ, അന്തിക്കാട് ഹൈസ്‌കൂള്‍, അന്തിക്കാട് കെ.ജി.എം.എല്‍.പി സ്‌കൂള്‍, ഏനാമാവ് സെൻറ്ജോസഫ് ഹൈസ്‌കൂള്‍, പറപ്പൂര്‍ സെൻറ് ജോണ്‍സ് സ്‌കൂള്‍, ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍ എന്നിവയാണ് പ്രവര്‍ത്തിച്ചത്. കാറുകളും ബൈക്കുകളുമടക്കം സ്വകാര്യ വാഹനങ്ങള്‍ നിരത്തുവാഴുന്ന കാഴ്ചയാണ് ബുധനാഴ്ച കണ്ടത്. ഒന്നാം ദിവസത്തേക്കാള്‍ കൂടുതലായി സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഓട്ടോറിക്ഷകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. വ്യാപാര സ്ഥാപനങ്ങള്‍ ആദ്യദിനത്തേക്കാൾ കൂടുതൽ തുറന്നെങ്കിലും ജീവനക്കാര്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഉപഭോക്താക്കൾ എത്താത്തതിനാൽ ചില കടകൾ ഉച്ചക്കുശേഷം പൂട്ടി. ചില പെട്രോൾ ബങ്കുകള്‍ തുറന്നതിനാല്‍ വലിയ പ്രശ്‌നമുണ്ടായില്ല. എ.ടി.എമ്മുകള്‍ ചിലയിടത്തെല്ലാം പ്രവര്‍ത്തിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. തൃശൂരില്‍ സി.എം.എസ് സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കോര്‍പറേഷന്‍ ഒാഫിസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.