ആശുപത്രിയിൽനിന്ന്​ ഇറങ്ങിപ്പോയി മരിച്ച സംഭവം: 13 ലക്ഷം നഷ്​ടപരിഹാരം നൽകാൻ നിർദേശം

കൊച്ചി: മസ്തിഷ്കജ്വരത്തിന് ചികിത്സയിലിരുന്നയാൾ അർധരാത്രി ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോയി അജ്ഞാത വാഹനമിട ിച്ച് മരിച്ച സംഭവത്തിൽ ആശുപത്രി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. തൃശൂർ മടക്കത്തറ എടക്കുന്നി വീട്ടിൽ പ്രകാശ​െൻറ മരണവുമായി ബന്ധപ്പെട്ടാണ് തൃശൂർ സൺ മെഡിക്കൽ ആൻഡ് റിസർച് സ​െൻററിനോട് 13,77,948 രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം സ്ഥിരം ലോക്അദാലത്ത് ഉത്തരവിട്ടത്. 2016 ഒക്ടോബർ 21നാണ് പ്രകാശനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നത്. ഉയർന്ന പനിമൂലം പകുതി ഒാർമ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു പ്രകാശൻ. ഒക്ടോബർ 26ന് അർധരാത്രിയോടെ നഴ്സ് പറഞ്ഞതനുസരിച്ച് ഭാര്യ പ്രകാശന് മരുന്ന് നൽകിയിരുന്നു. ശേഷം ഇരുവരും ഉറങ്ങാൻ കിടന്നു. എന്നാൽ, പുലർച്ച 1.30ന് ഭാര്യ ഉണർന്നുനോക്കുേമ്പാൾ പ്രകാശൻ കിടക്കയിൽ ഇല്ലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പെട്രോൾപമ്പിനുസമീപത്ത് വാഹനമിടിച്ച് മരിച്ചതായി വിവരം ലഭിക്കുകയായിരുന്നു. മതിയായ സുരക്ഷ ഒരുക്കുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായും വീട്ടിലെ ഏക അത്താണിയായ പ്രകാശ​െൻറ മരണത്തിലൂടെ ജീവിതമാർഗമാണ് ഇല്ലാതായതെന്നും ചൂണ്ടിക്കാട്ടി 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഭാര്യ ബിന്ദുവും രണ്ട് മക്കളും ഹരജി നൽകിയത്. ഹരജി പരിഗണിച്ച സ്ഥിരം ലോക്അദാലത്ത് ചെയർമാൻ എസ്. ജഗദീഷും അംഗം പി.ജി. ഗോപിയും നഷ്ടപരിഹാരത്തിന് ഉത്തരവിടുകയായിരുന്നു. 13,77,948 രൂപ മൂന്നുപേർക്കും തുല്യമായി വീതിച്ച് നൽകാനും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിഹിതം അക്കൗണ്ടിൽ നിക്ഷേപിക്കാനുമാണ് നിർദേശം. നഷ്ടപരിഹാരത്തിന് പുറമെ പരാതി നൽകിയ അന്നുമുതൽ ഒമ്പത് ശതമാനം പലിശയും നിയമനടപടികളുടെ ചെലവിലേക്ക് 7500 രൂപ നൽകാനും ഉത്തരവുണ്ട്. രണ്ടുമാസത്തിനകം തുക കൈമാറണമെന്നാണ് നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.