തൃശൂർ: സുപ്രീംകോടതി വിധിയുടെ നിർദേശത്തിൽ സംസ്ഥാനത്തെ നാട്ടാനകളുടെ കണക്കെടുപ്പ് വനംവകുപ്പ് പൂർത്തിയാക്കി. രാവിലെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് പൂർത്തിയാക്കിയത്. പരിശോധന വിശദാംശങ്ങളുടെ ക്രോഡീകരണം വെള്ളിയാഴ്ചയോടെയേ പൂർത്തിയാവൂ. ഡാറ്റാബുക്ക്, ഉടമാവകാശ രേഖ, ചിപ്പ് എന്നിവയനുസരിച്ചുള്ള പരിശോധനയായിരുന്നു നടത്തിയത്. വ്യാപക ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന സൂചന വനംവകുപ്പ് അധികൃതർ പങ്കുവെച്ചു. ഡാറ്റ ബുക്ക്, ചിപ്പ് എന്നിവയിലെ വിവരങ്ങളും പരിശോധിക്കുന്ന ആനയും തമ്മിൽ വ്യാപകമായി വൈരുധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള കണക്കുകളിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. ഉടമാവകാശ സർട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെയും പരിശോധനയിൽ കണ്ടെത്താനായെന്ന് അധികൃതർ സൂചിപ്പിച്ചു. ക്രമക്കേടിലും പൂരനഗരിയായ തൃശൂർ തന്നെയാണ് മുന്നിൽ . ഇക്കാര്യങ്ങൾ കൂടുതൽ പരിശോധന നടത്തി വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. ഡിസംബർ 31ന് മുമ്പ് സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച പൂർണ വിശദാംശങ്ങൾ അറിയിക്കാൻ നവംബർ ഒന്നിനായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിെൻറ അടിസ്ഥാനത്തിൽ 22നായിരുന്നു പരിശോധന തീരുമാനിച്ചിരുന്നത്. ആനയുടമകളുടെ സമ്മർദത്തെ തുടർന്ന് മാറ്റിവെച്ചതായിരുന്നു വ്യാഴാഴ്ച നടന്നത്. 2015ൽ വനംവകുപ്പ് തയാറാക്കിയ കണക്കനുസരിച്ച് സംസ്ഥാനത്ത് 577 ആനകളാണുണ്ടായിരുന്നത്. മൂന്ന് വർഷത്തിന് ശേഷം ചെരിഞ്ഞതും, ആനകളുടെ കൈമാറ്റം, നിരോധിച്ച കടത്ത്, രേഖകളില്ലാതെ ആനകളെ ഉപയോഗിക്കുന്നതും ഡാറ്റാ ബുക്ക് അനുസരിച്ച് പരിശോധിച്ചു. സാമൂഹിക വനവത്കരണ വിഭാഗം അസി.ഫോറസ്റ്റ് ഓഫിസറുടെ നിയന്ത്രണത്തിൽ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.