OUR Programകടലാഴങ്ങളിൽ മറഞ്ഞ പിതാക്കളുടെ ഒാർമയിൽ കുഞ്ഞുമനസ്സുകൾ വിതുമ്പി

തിരുവനന്തപുരം: ഒരുവർഷം മുമ്പ് കടലാഴങ്ങളിൽ മറഞ്ഞ സ്വന്തം പിതാക്കളുടെ സ്മരണ വീണ്ടും അലയടിച്ചുയർന്നപ്പോൾ ആ കുഞ്ഞു മനസ്സുകൾ തേങ്ങി. പിതൃസ്നേഹത്തി​െൻറ നഷ്ടസ്മരണയിൽ അവർ ഒരുവേള നിശ്ശബ്ദരായി. തങ്ങളുടെ പിതാക്കളെപ്പറ്റി പറയുന്ന നല്ല വാക്കുകൾ കേട്ട് അവരുടെ കണ്ണുകൾ നിറഞ്ഞു. കേരള തീരത്തെ കശക്കിയെറിഞ്ഞ ഒാഖി ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകവെ പൂന്തുറ സ​െൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളുമായി ചേർന്ന് 'മാധ്യമം' ഒരുക്കിയ അനുസ്മരണച്ചടങ്ങ് പൂന്തുറ മത്സ്യഗ്രാമത്തിൽ ഇതുവരെ അടക്കിപ്പിടിച്ച വിങ്ങലുകളുടെ അണപൊട്ടലായി. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പിതാക്കളുടെ സ്മരണക്കുമുന്നിൽ കുഞ്ഞുമക്കൾ നിരനിരയായെത്തി ആദരാഞ്ജലിയർപ്പിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണുനിറഞ്ഞു, കണ്ഠമിടറി. വാക്കുകൾ മുഴുമിക്കാനാകാതെ കുഴങ്ങി. ഇൗ സ്കൂളിലെ 26 കുട്ടികൾക്കാണ് ഒാഖി ദുരന്തത്തിൽ പിതാക്കളെ നഷ്ടപ്പെട്ടത്. ദുരന്തത്തിൽ മരിച്ച ശില്‍പപിള്ളയുടെ മകള്‍ പ്ലസ് വൺ വിദ്യാർഥിനി ജിന ഒാഖി ദുരന്തത്തിൽ മരിച്ചവരുടെ അനുസ്മരണക്കുറിപ്പ് വായിച്ചു. ദുരന്തം ഒരു വർഷത്തിലേക്ക് കടക്കവെ അതി​െൻറ ഇരകൾക്ക് ഇനിയും സഹായങ്ങൾ പൂർണമായി ലഭ്യമായിട്ടില്ലെന്ന പരിഭവമായിരുന്നു എല്ലാവർക്കും. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം മേയർ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പൂന്തുറ ഇടവക വികാരി ഫാ. ബെബിന്‍സണ്‍ അധ്യക്ഷത വഹിച്ചു. ശംഖുംമുഖം പൊലീസ് അസി. കമീഷണര്‍ ഷാനീഖാന്‍ 'മാധ്യമം' വെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളി​െൻറ അക്കാദമിക് കര്‍മപദ്ധതിയുടെ ഉദ്ഘാടനം ഫാ. ഡോ. ഡൈസണ്‍ നിർവഹിച്ചു. മാധ്യമം ഓഖി സപ്ലിമ​െൻറ് വാര്‍ഡ് കൗണ്‍സിലര്‍ പീറ്റര്‍ സോളമന്‍ പ്രകാശനം ചെയ്തു. പ്രളയമുഖത്ത് മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കിയ പൂന്തുറ ഇടവകക്ക് മാധ്യമം നല്‍കിയ സ്നേഹോപകാരം മാധ്യമം കൊല്ലം ബ്യൂറോ ചീഫ് ജോണ്‍ പി. തോമസ് ഇടവക വികാരിക്ക് സമര്‍പ്പിച്ചു. 'മാധ്യമം' തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ എം.കെ.എം. ജാഫർ, മാധ്യമം വെളിച്ചം പദ്ധതി വിശദീകരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് േഫ്ലാറന്‍സ് ഫെര്‍ണാണ്ടസ്, ഇടവക സെക്രട്ടറി ജോണി ചിന്നപ്പന്‍, മാധ്യമം തിരുവനന്തപുരം ബ്യൂറോ ചീഫ് ഇ. ബഷീർ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഇഗ്നേഷ്യസ് ലെയോള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.