കാലാവസ്​ഥ വ്യതിയാനം: ചുഴലിക്കാറ്റുകൾ 'അപഥസഞ്ചാരത്തിൽ'

തൃശൂർ: കാലാവസ്ഥ വ്യതിയാനനാളുകളിൽ ചുഴലിക്കാറ്റുകളുടെ സഞ്ചാരഗതി മാറുകയാണ്. ഒരു കടലിൽനിന്നും ന്യൂനമർദമായി ഉത്ഭവിച്ച് ചുഴലിക്കാറ്റായി പരിണമിച്ച് അതിൽതന്നെ നിർവീര്യമാവുന്ന സാധാരണ ഗതിക്ക് പകരം പുതിയ സാഹചര്യത്തിൽ 'അപഥസഞ്ചാര'മാണ് നടക്കുന്നത്. ഒരു കടലിൽ നിന്നും മറ്റൊരു കടലിലേക്കും കടലിൽ നിന്നും കരയിലേക്കും പിന്നീട് മറ്റൊരു കടലിലേക്കും പ്രവേശിക്കുന്ന പ്രവണതയാണ് അടുത്തിടെ കണ്ടത്. കടലിൽ നിന്നും കരയിൽ എത്തിയാൽ പൊതുവെ ഇല്ലാതാവുകയെന്ന പതിവ് തെറ്റിച്ചാണ് ഗജ സഞ്ചരിച്ചത്. അപൂർവങ്ങളിൽ അപൂർവമായ ഇൗ പ്രതിഭാസം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി തുടങ്ങി തമിഴ്നാട്ടിൽ ആഞ്ഞുവീശി പിന്നീട് കരയിലേക്ക് പശ്ചിമഘട്ടം വഴിയായിരുന്നു ഗജയുടെ സഞ്ചാരം. ശേഷം ആലപ്പുഴ, എറണാകുളം വഴി കരയിലൂടെ സഞ്ചരിച്ച് അറബിക്കടലിൽ പ്രവേശിച്ചു. നിലവിൽ ലക്ഷദ്വീപ് സമൂഹത്തിൽ നിലയുറപ്പിച്ച ഗജ വടക്ക്-പടിഞ്ഞാറ് നീങ്ങി പശ്ചിമേഷ്യയിലേക്ക് സഞ്ചരിക്കും. കനത്ത പ്രഹരമൊന്നും ഇനിയുണ്ടാവാനിടയില്ല. എന്നാൽ ഇൗ സഞ്ചാരപഥം അപൂർവമാണ്. 2015 നവംബർ 30ന് രൂപപ്പെട്ട ഒാഖി ഒരു കടലിൽ നിന്നും മറ്റൊരു കടലിലേക്ക് സഞ്ചരിച്ചതും അപൂർവതയാണ്. ബംഗാൾ ഉൾക്കടലിൽ നിന്നും തുടങ്ങി അറബിക്കടലി​െൻറ തെക്കേ മുനമ്പിൽ പ്രവേശിച്ചാണ് ലക്ഷദ്വീപിലും കേരളത്തിലും ഒാഖി ആഞ്ഞുവീശിയത്. ഇരു കടലുകളിലായി 2500 കിലോമീറ്ററിൽ അധികം സഞ്ചരിച്ച് ഒടുവിൽ ഗുജറാത്ത് തീരത്ത് നിർവീര്യമായി. ഒരേസമയം രണ്ട് കടലുകളിൽ ന്യൂനമർദം ഉണ്ടായതും കാലാവസ്ഥ വ്യതിയാനത്തി​െൻറ പ്രകടോദാഹരണമാണ്. കഴിഞ്ഞമാസം അറബിക്കടലിൽ ലുബാനും ബംഗാൾ ഉൾക്കടലിൽ തിത്ലിയും ഒരോ സമയത്താണ് ഉത്ഭവിച്ചത്. എന്നാൽ ഇവ രണ്ടും കൂടുതൽ തീവ്രത പ്രാപിച്ചില്ല. കാലാവസ്ഥ വ്യതിയാനത്തി​െൻറ ഭാഗമായി ചുഴലിക്കാറ്റി​െൻറ സ്വഭാവം മാറുന്നതാണ് പ്രശ്നം. ചുഴലിക്കാറ്റി​െൻറ ശക്തി, വേഗം, വലുപ്പം എന്നിവയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നു എന്ന് കാലാവസഥ ഗവേഷകൻ ഡോ.സി.എസ്. ഗോപകുമാർ ചൂണ്ടിക്കാട്ടി. ന്യൂനമർദത്തി​െൻറ വിവിധഘട്ടങ്ങളിൽ നിന്നും ചുഴലിക്കാറ്റായി മാറുന്നതിന് സമുദ്രോപരിതലത്തിലെ താപനില പ്രധാന ഘടകമാണ്. കരയിൽ വലിയ ഭൂപ്രദേശങ്ങളിലൂെട സഞ്ചരിക്കുേമ്പാൾ ഉൗർജനഷ്ടമുണ്ടാവും. എന്നാൽ കാറ്റ് അതിവേഗത്തിൽ വീണ്ടും അനുകൂലമായ കടൽ സാഹചര്യത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദം കൂടി രൂപപ്പെട്ടുവരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.