പുന്നയൂർ: മുക്കണ്ടത്ത് താഴം റോഡ് സംബന്ധിച്ച തർക്കം കൈയാങ്കളിയായി. രണ്ടുപേർക്ക് പരിക്ക്. വടക്കേപുന്നയൂർ സ്വദേശികളായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കാഞ്ഞിരപ്പുള്ളി നിസാർ (39), കോൺഗ്രസ് പ്രവർത്തകൻ നണ്ണമ്പുള്ളി മൂസക്കുട്ടി എന്ന മൂസ (58) എന്നിവർക്കാണ് പരിക്ക് പറ്റിയത്. നിസാർ ചാവക്കാട് സ്വകാര്യ ആശുപത്രിയിലും മൂസ താലൂക്കാശുപത്രിയിലും ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവത്തിെൻറ തുടക്കം. റോഡ് നിർമാണ ഫണ്ട് സംബന്ധിച്ച് സി.പി.എം, കോൺഗ്രസ് പാർട്ടികൾ തമ്മിൽ തർക്കം നിലനിൽക്കുന്ന മുക്കണ്ടത്ത് താഴത്ത് അളവെടുപ്പിനെത്തിയ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ തടയാനെത്തിയതോടെയാണ് തർക്കത്തിന് തുടക്കം. ഈ സമയത്ത് മൂസയും നിസാറും വാക്ക് തർക്കം നടന്നിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ പോയ ശേഷം വൈകീട്ട് നാലോടെ വടക്കേപുന്നയൂർ സെൻററിൽ ഇരുവരും നേർക്കുനേർ കാണുേമ്പാൾ നേരത്തെ നടന്ന തർക്കത്തെ സംബന്ധിച്ച് ചോദ്യം ചെയ്യാൻ തുടങ്ങിയതാണ് കൈയാങ്കളിയിൽ കലാശിച്ചത്. മുക്കണ്ടത്ത് റോഡ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുനർനിർമിക്കാൻ കോൺഗ്രസും തുറമുഖ വകുപ്പ് ഫണ്ടുപയോഗിച്ച് നിർമിക്കണമെന്ന് സി.പി.എമ്മും വാശിയിലാണ്. മേഖലയിലെ റോഡ് കുറ്റമറ്റ രീതിയിൽ തറനിരപ്പിൽ നിന്ന് ഉയർത്തി നിർമിക്കാൻ തുറമുഖ വകുപ്പ് അനുവദിച്ച തുകയാണ് ഉപയോഗിക്കേണ്ടത് എന്നാണ് സി.പി.എം പ്രവർത്തകർ പറയുന്നത്. എന്നാൽ ഈ തുകയുടെ പകുതി പോലുമില്ലാത്ത ഫണ്ടാണ് ഇവിടെ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിട്ടുള്ളത്. ഈ തുകക്ക് പണിതാൽ റോഡ് വീണ്ടും തകരുമെന്നും മൊത്തം അറ്റകുറ്റപ്പണിക്ക് പോലും ഇത് പര്യാപ്തമല്ലെന്നുമാണ് ഇവരുടെ വാദം. റോഡ് അളവെടുക്കാൻ കഴിഞ്ഞ ദിവസമെത്തിയ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർക്കൊപ്പം ഒരു വിഭാഗം നാട്ടുകാർ തടഞ്ഞിരുന്നു. അതിനുമുമ്പ് ഗ്രാമസഭ കൂടി തുറമുഖ വകുപ്പ് ഫണ്ട് ഉപയോഗിച്ച് റോഡ് നിർമിക്കണമെന്ന് ഭൂരിപക്ഷത്തോടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബ്ലോക്ക് വിഹിതം ടെൻഡറായതിനാൽ അത് ഒഴിവാക്കാനാകില്ലെന്നും തുറമുഖ വകുപ്പ് ഫണ്ടിന് ഭരണമാനുമതി മാത്രമെ ലഭിച്ചിട്ടുള്ളൂവെന്നുമാണ് കോൺഗ്രസ് പ്രവർത്തകരുടെ വാദം. ഏഴ് വർഷമായി തകർന്നു കിടക്കുന്ന റോഡ് നിർമാണത്തിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് കൊണ്ടുവന്നപ്പോൾ മാത്രമാണ് സി.പി.എം നേതാക്കൾ തുറമുഖ വകുപ്പ് വഴി റോഡ് നിർമിക്കാൻ ഫണ്ട് തേടിയതെന്നുമാണ് കോൺഗ്രസിെൻറ ആരോപണം. കോൺഗ്രസിൻറെ ഈ വാദം ശരിയല്ലെന്നും തുറമുഖ വകുപ്പാണ് ആദ്യം ഫണ്ട് വെച്ചതെന്നും ഇക്കാര്യമറിഞ്ഞപ്പോഴാണ് അതിനെ മറികടക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുമായി കോൺഗ്രസ് മുന്നിട്ടിറങ്ങിയതെന്നും സി.പി.എം പ്രവർത്തകരും പറയുന്നു. തുറമുഖ വകുപ്പ് റോഡ് പുനരുദ്ധാരണത്തിനും ബ്ലോക്ക് പഞ്ചായത്ത് അറ്റകുറ്റപ്പണിക്കുമാണ് ഫണ്ട് വകയിരുത്തുന്നത്. തുറമുഖ വകുപ്പിൽ നിന്ന് ഫണ്ടിന് എം.എൽ.എയും ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഫണ്ട് അനുവദിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ഉമറുമാണ് മുൻകൈയെടുത്തത്. സംഭവത്തിന് രാഷ്ട്രീയമായ വീറും വാശിയും കൂടി നിർമാണം തടയാൻ ഇരുകൂട്ടരും ഒരുങ്ങിയാൽ തകർന്ന് തരിപ്പണമായി കിടക്കുന്ന മുക്കണ്ടത്ത് താഴം റോഡ് അടുത്തൊന്നും നവീകരിക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് നിഷ്പക്ഷ വാദികൾ. ഫോട്ടോ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.