തൃശൂർ ലളിതകല അക്കാദമിയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനത്തിൽ രാധാകൃഷ്ണൻ കിഴുത്താണി തന്റെ ചിത്രങ്ങൾക്കരികെ
തൃശൂർ: പകൽ മുഴുവൻ സർക്കാർ ഓഫിസിലെ ഫയലുകൾക്കും പരാതികൾക്കും നടുവിൽ. രാത്രിയും പുലർച്ചെയും മനസ്സ് നിറയെ വർണങ്ങൾ. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലും ഉള്ളിലെ ചിത്രകാരനെ കൈവിടാതെ കാത്തുസൂക്ഷിക്കുകയാണ് രാധാകൃഷ്ണൻ കിഴുത്താണി എന്ന വലപ്പാട് വില്ലേജ് ഓഫിസർ. സ്വന്തമായി വരച്ച 100 ഓളം ചിത്രങ്ങളുമായി തൃശൂർ ലളിതകലാ അക്കാദമിയിലാണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഇരിങ്ങാലക്കുടക്കടുത്ത് കിഴുത്താണി പുല്ലത്തറയിൽ താമസിക്കുന്ന രാധാകൃഷ്ണന്റെ ചിത്രരചനാ വഴികൾ അത്ര എളുപ്പമായിരുന്നില്ല. കുഞ്ഞുനാളിൽ ഒരു ചിത്രകാരനാകണമെന്നതായിരുന്നു മോഹം. കോളജ് കാലഘട്ടത്തിൽ പരിശീലനമില്ലാതെ തുടങ്ങിയ യാത്രയാണ് ഇന്ന് 1200ലധികം ചിത്രങ്ങളിൽ എത്തിനിൽക്കുന്നത്.
വലപ്പാട് വില്ലേജിലെ ഓഫിസറാണ് രാധാകൃഷ്ണൻ. അക്രിലിക്, എണ്ണച്ചായം, ജലച്ചായം തുടങ്ങിയ മാധ്യമങ്ങളിലായി റിയലിസവും അബ്സ്ട്രാക്റ്റും ലാൻഡ്സ്കേപ്പുകളും എല്ലാം ആ വിരലുകളിൽ വഴങ്ങും.
നിലവിൽ 100 ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. 2016ൽ തൃശൂർ ലളിതകല അക്കാദമിയിൽ 90 ചിത്രങ്ങൾ ഉൾപ്പെടുത്തി നടത്തിയ പ്രദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ നൂറിലധികം ഗാനങ്ങളും 200ഓളം കവിതകളും ഈ തൂലികയിൽ പിറന്നു. അംഗീകാരങ്ങളുടെ നിറവിൽ ഔദ്യോഗിക ജീവിതത്തിലും രാധാകൃഷ്ണൻ ഒട്ടും പിന്നിലല്ല. വലപ്പാട് വില്ലേജിൽ ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ, കെട്ടിക്കിടന്ന ഭൂമി തരംമാറ്റൽ ഫയലുകൾ അതിവേഗം തീർപ്പാക്കിയതിന് തൃശൂർ ജില്ല കലക്ടറുടെ പ്രത്യേക പ്രശംസാപത്രം തേടിയെത്തിയിരുന്നു.
കലാരംഗത്തെ മികവിന് 2016ൽ ആരവം പുരസ്കാരവും 2020ലെ സംസ്ഥാന റവന്യൂ കലോത്സവത്തിൽ കലാപ്രതിഭ പട്ടവും ലഭിച്ചു. ആർട്ട് ഒ.എം.സി ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 പേരിൽ ഒരാളായതും നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.