വനിത ജീവനക്കാരിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഭരണസമിതി മുൻ അംഗത്തിന് സസ്പെൻഷൻ

ഗുരുവായൂർ: താൽക്കാലിക ജീവനക്കാരിയെ ഡ്യൂട്ടിക്കിടെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ മുൻ ദേവസ്വം ഭരണസമിതി അംഗമായ എൻ. രാജുവിനെ ഭരണസമിതി സസ്പെൻഡ് ചെയ്തു. ക്ഷേത്രത്തിനുള്ളിൽ ബുധനാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം. വരി നിയന്ത്രിച്ചു കൊണ്ടിരുന്ന ജീവനക്കാരിയെ ദേവസ്വത്തിലെ വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥനായ രാജു കൈയേറ്റം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയിലെ അംഗമായ രാജു യു.ഡി.എഫി​െൻറ കാലത്ത് ഭരണസമിതിയിൽ ജീവനക്കാരുടെ പ്രതിനിധിയായിരുന്നു. ജീവനക്കാരിയുടെ പരാതിയെ തുടർന്ന് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് രാജുവിനെ സസ്പെൻഡ് ചെയ്യാൻ ഭരണസമിതി തീരുമാനിച്ചത്. എന്നാൽ അതിഗൗരവമുള്ള സംഭവമായിട്ടും കൃത്യനിർവഹണത്തിനിടെ വനിത ജീവനക്കാരിക്ക് മർദനമേറ്റെന്ന പരാതി പൊലീസിന് ദേവസ്വം കൈമാറിയിട്ടില്ല. വകുപ്പുതല നടപടിയിൽ പ്രശ്നം ഒതുക്കാനാണ് നീക്കം. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം വകുപ്പുതല നടപടിയുണ്ടായിട്ടും പരാതി പൊലീസിന് കൈമാറാത്തതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിന് ശേഷമെ പൊലീസിന് പരാതി നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നാണ് ദേവസ്വം അധികൃതർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത്. ക്ഷേത്രത്തിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽ കൈയേറ്റം രംഗം കണ്ടില്ലെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. ദൃശ്യങ്ങൾ വിശദമായി ഒരിക്കൽ കൂടി പരിശോധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.