ചെറുതുരുത്തി: ഇൗ മുറിക്ക് എപ്പോഴും ശ്രീനിവാസന്റെ മണമാണ്. ചിന്താവിഷ്ടയായ ശ്യാമളയും ബാർബറാം ബാലനുമടക്കം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പല രചനകളും പിറവിയെടുത്തത് ഇവിടെയാണ്. ചെറുതുരുത്തി റസ്റ്റ് ഹൗസിലെ മുകൾ നിലയിലെ രണ്ടാം നമ്പർ റൂം എന്നും ശ്രീനിവാസന് ഏറെ പ്രിയപ്പെട്ടതായിരുന്നു.
ഒരു കാലത്ത് ചലച്ചിത്രമേഖലയിലെ എഴുത്തുകാരുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളായിരുന്നു പൈങ്കുളം, പാഞ്ഞാൾ, ചെറുതുരുത്തി തുടങ്ങിയവ. അന്ന് താമസിക്കാൻ ഇവിടെ ഹോട്ടലുകളോ മറ്റ് റൂമുകളോ ഉണ്ടായിരുന്നില്ല. ഏക ആശ്രയം ചെറുതുരുത്തി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസായിരുന്നു.
രണ്ട് സിംഗ്ൾ കോട്ട് കട്ടിലും എഴുത്തുമേശയുമുള്ള റസ്റ്റ് ഹൗസിലെ രണ്ടാം നമ്പർ മുറിയോട് ശ്രീനിവാസന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. മുകളിലെ നിലയിലായിരുന്നതിനാൽ കാര്യമായ ശല്യമുണ്ടാകില്ലെന്നതും പച്ചപ്പും ചെറുകാറ്റും എല്ലാം ഇങ്ങോട്ട് ആകർഷിച്ചു. നാടൻ ഭക്ഷണമായിരുന്നു ശ്രീനിവാസന് ഏറെ പ്രിയം.
റസ്റ്റ് ഹൗസിന്റെ ആദ്യത്തെ ജോലിക്കാരൻ പരേതനായ മുഹമ്മദ് വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തോടായിരുന്നു ശ്രീനിവാസന് ഏറെ പ്രിയമെന്ന് പ്രൊഡക്ഷൻ മാനേജറായിരുന്നു സുരേന്ദ്രൻ പാഞ്ഞാൾ ഓർക്കുന്നു. ‘കഥ പറയുമ്പോൾ’ എന്ന സിനിമ എഴുതാൻ വരുമ്പോൾ മുഹമ്മദ് മരിച്ചിരുന്നു. ഇതോടെ മറ്റൊരാളെവെച്ച് ഭക്ഷണം ഉണ്ടാക്കിനൽകുകയായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.
ചെറുതുരുത്തി റസ്റ്റ് ഹൗസിലെ രണ്ടാം നമ്പർ റൂമിന് നിരവധി കഥകൾ പറയാനുണ്ട്. ചിന്താവിഷ്ടയായ ശ്യാമള, കഥ പറയുമ്പോൾ, ഇംഗ്ലീഷ് മീഡിയം എന്നിവ അവയിൽ ചിലതു മാത്രം... ഇവിടെയിരുന്ന് എഴുതിയ എല്ലാ പടങ്ങളും ഹിറ്റാവുകയും അവാർഡുകൾ നേടുകയും ചെയ്തു. നിരവധി പടങ്ങളിൽ പ്രൊഡക്ഷൻ മാനേജറായിരുന്ന സുരേന്ദ്രൻ പാഞ്ഞാളായിരുന്നു ശ്രീനിവാസന്റെ സഹായി.
പ്രൊഡക്ഷൻ മാനേജർ സുേരന്ദ്രൻ പാഞ്ഞാൾ റസ്റ്റ് ഹൗസിന് മുന്നിൽ
രണ്ടാം നമ്പർ റൂമും ശ്രീനിവാസൻ സാറിനെയും ഒരിക്കലും മറക്കാൻ പറ്റില്ലെന്നും അദ്ദേഹത്തിന്റെ അനുഗ്രഹംകൊണ്ടാകാം രജനീകാന്തിന്റെ ടൈലർ രണ്ടാം ഭാഗം ഷൂട്ടിങ് ലൊക്കേഷൻ മാനേജറായതെന്നും സുരേന്ദ്രൻ പാഞ്ഞാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.