കണക്കൻകടവിൽ ചെക്ക്ഡാം: മണ്ണ് പരിശോധനക്ക് ടെൻഡർ നടപടിയായി

ആമ്പല്ലൂര്‍: കുറുമാലിപ്പുഴയിലെ കണക്കന്‍കടവില്‍ ഇറിഗേഷന്‍ വകുപ്പ് നിർമിക്കുന്ന ചെക്ക്ഡാമിന് മണ്ണ് പരിശോധന നടപടിയായി. ഇതിനുള്ള ടെൻഡര്‍ പൂര്‍ത്തീകരിച്ചു. ഇറിഗേഷന്‍ വകുപ്പ് ചീഫ് എൻജിനീയറുടെ ഉത്തരവ് ലഭിക്കുന്നതോടെ പരിശോധന ആരംഭിക്കും. ഈ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തില്‍ ചെക്ക്ഡാമി​െൻറ മാതൃക തയാറാക്കും. അഡീഷനല്‍ ഇറിഗേഷന്‍ വിഭാഗത്തിനാണ് നിര്‍മാണ ചുമതല. പുഴയിലെ അടിത്തട്ടില്‍നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തിലാണ് ഡാം. ഇത് യാഥാർഥ്യമാകുന്നതോടെ പറപ്പൂക്കര, പുതുക്കാട് പഞ്ചായത്തുകളിലെ ജലസേചന, കുടിവെള്ളവും പ്രശ്‌നത്തിന് പരിഹാരമാകും. കണക്കന്‍കടവിലെ താല്‍ക്കാലിക മണ്‍ചിറ നിര്‍മാണം ഒന്നര പതിറ്റാണ്ട് മുമ്പ് നിര്‍ത്തിയിരുന്നു. വേനലില്‍ രൂക്ഷമായ ജലക്ഷാമം നേരിട്ടതോടെ മണ്‍ചിറ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. സമീപ പ്രദേശമായ കുണ്ടുകടവിലെ മണ്‍ചിറ നിര്‍മാണം നിലച്ചതോടെയാണ് കണക്കന്‍കടവില്‍ വെള്ളം സംഭരിക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്. നിലവില്‍ മാഞ്ഞാംകുഴി റെഗുലേറ്ററി​െൻറ ഷട്ടറുകള്‍ താഴ്ത്തിയാണ് വെള്ളം തടഞ്ഞു നിര്‍ത്തുന്നത്. എന്നാല്‍ ഷട്ടര്‍ താഴ്ത്തിയിട്ടും നെല്ലായി, പന്തല്ലൂര്‍, മനയ്ക്കല്‍കടവ്, സ്‌നേഹപുരം എന്നീ ജലസേചന പദ്ധതികള്‍ പ്രവര്‍ത്തിക്കാനുള്ള വെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. കൂടുതല്‍ ദിവസം ഷട്ടര്‍ താഴ്ത്തിയിടുന്നതു മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഭീഷണിയും നേരിട്ടു. ചെക്ക്ഡാം നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. പുഴയില്‍ മൂന്ന് കിലോമീറ്ററോളം വെള്ളം സംഭരിച്ചു നിര്‍ത്താനും കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.