ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറി വിവാദം തീരുന്നില്ല പുനർനിർമാണ സമർപ്പണം വിവാദത്തിൽ; ചടങ്ങ് മാറ്റിവെക്കണമെന്ന് എച്ച്.എം.സി

ഇരിങ്ങാലക്കുട: വ്യാഴാഴ്ച രാവിലെ പത്തിന് നടത്താൻ ഉദ്ദേശിച്ച ജനറൽ ആശുപത്രിയുടെ മോർച്ചറി പുനർനിർമാണ സമർപ്പണം വ ിവാദത്തിലേക്ക്. നഗരസഭയുടെ അധീനതയിലുള്ള ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് വേണ്ടത്ര ആലോചനയില്ലാതെയും പ്രാതിനിധ്യം ഇല്ലാതെയുമാണെന്നാണ് ആരോപണം. ബുധനാഴ്ച ചേർന്ന ആശുപത്രി മാനേജ്മ​െൻറ് യോഗം പുനർനിർമാണ സമർപ്പണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചു. എന്നാൽ, മോർച്ചറിയുടെ പുനർനിർമാണം ഏറ്റെടുത്തു പൂർത്തീകരിച്ച സി.പി.എം നിയന്ത്രണത്തിലുള്ള പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയും, ആർദ്രം സാന്ത്വന പരിപാലന കേന്ദ്രവും നിശ്ചയിച്ചുറപ്പിച്ച 13ാം തീയതി രാവിലെ പത്തിന് തന്നെ ആശുപത്രി അധികാരികൾക്ക് പി.കെ. ബിജു എം.പി താക്കോൽ നൽകി സമർപ്പണം നടത്തുമെന്ന് അറിയിച്ചു . ഇപ്പോൾ ഉണ്ടാക്കുന്ന വിവാദങ്ങൾ എല്ലാം രാഷ്ട്രീയ പ്രേരിതം മാത്രമെന്ന് അവർ പ്രതികരിച്ചു. ആശുപത്രി അധികൃതരുമായും നഗരസഭയുമായും ആലോചിച്ചു ഉറപ്പിച്ചതിനു ശേഷം മാത്രമാണ് പുനർനിർമാണ സമർപ്പണം പരിപാടി നടത്തുന്നത്. ബുധനാഴ്ച രാവിലെയും നഗരസഭാ ചെയർപേഴ്സണുമായി നേരിട്ട് കണ്ടു സംസാരിച്ചതാണ്. അപ്പോഴൊന്നുമില്ലാതെ ഏതിർപ്പ് ബുധനാഴ്ച നാല് മണിക്ക് ചേർന്ന മാനേജ്െമൻറ് കമ്മിറ്റി യോഗത്തിൽ എങ്ങനെ വന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും അവർ പറയുന്നു. ചെയർപേഴ്സ​െൻറ പരിചയക്കുറവ് മുതലെടുത്ത് സി.പി.എം നിയന്ത്രണത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് നഗരസഭയെ അപമാനിക്കും വിധം പരിപാടികൾ ഹൈജാക്ക് ചെയ്യുകയാണ് എന്ന് സൂചിപ്പിച്ച് ബി.ജെ.പി കൗൺസിലർമാരായ സന്തോഷ് ബോബൻ, രമേശ് വാര്യർ, അമ്പിളി ജയൻ എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്. നഗരസഭ കൗൺസിൽ അജണ്ട വെച്ച് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട ഈ കാര്യം കൗൺസിൽ ഇന്നേ വരെ അറിഞ്ഞിട്ടില്ലെന്നും നഗരസഭ കൗൺസിലർമാർ പ്രസ്താവനയിലൂടെ പറഞ്ഞു. ഇരിങ്ങാലക്കുട ലോക്സഭ പരിധിക്ക് പുറത്തുള്ള ഒരു സി.പി.എം പാർലമ​െൻറ് മെമ്പറാണ് ഉദ്ഘാടനം 'ചെയർപേഴ്സൺ അധ്യക്ഷത വഹിക്കേണ്ട സ്ഥാനത്ത് എം.എൽ.എയാണ് അധ്യക്ഷൻ. ബി.ജെ.പി പ്രതികരിച്ചതോടെയാണ് നഗരസഭ ഭരിക്കുന്ന കോൺഗ്രസ് ഈ വിഷയം ഏറ്റെടുക്കുന്നത്. ചടങ്ങ് മാറ്റിവെക്കണമെന്ന എച്ച്.എം.സി തീരുമാനം മറികടന്ന് ചടങ്ങ് നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞതോടെ മോർച്ചറി വിഷയം വീണ്ടും പുതിയ വിവാദങ്ങളിലേക്ക് കടക്കുകയാണ്. എത്രയും പെട്ടന്ന് മോർച്ചറി വീണ്ടും പ്രവർത്തന സജ്ജമാക്കാമെന്ന ആശുപത്രി അധികൃതരുടെ മോഹങ്ങളാണ് ഇതുമൂലം തടസ്സപ്പെടുന്നത്, ഒപ്പം ജനങ്ങൾക്കുള്ള സൗകര്യങ്ങളും. മാസങ്ങളായി മോർച്ചറി അടഞ്ഞുകിടക്കുന്നതു മൂലം പോസ്റ്റ്മോർട്ടങ്ങൾ ഒന്നും ഇവിടെ നടക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.