തൃശൂർ: പ്രളയം ബാധിച്ച ദിവസങ്ങളിൽ സംസ്ഥാനത്ത് ബി.എസ്.എൻ.എലിന് ആസ്തി നഷ്ടം 100 കോടിയോളം രൂപ. 65 എക്സ്ചേഞ്ചുകൾ പൂർണമായും മുങ്ങി. നിരവധി മൊബൈൽ ടവറുകളിൽ വെള്ളം കയറി ഉപകരണങ്ങൾ നശിച്ചു. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ കെട്ടിടങ്ങൾ പൂർണമായി തകരുകയോ കേടു സംഭവിക്കുകയോ ചെയ്തു. വൈദ്യുതി വിതരണം നിലച്ചതുമൂലം നിരവധി ദിവസം ഡീസൽ ജനറേറ്റർ ഉപയോഗിച്ച് എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ച ഇനത്തിലുള്ള അധികച്ചെലവും വരുമാന നഷ്ടവും കണക്കാക്കിയിട്ടില്ല. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, പത്തനംതിട്ടയിലെ റാന്നി, ഇടുക്കി ജില്ല, എറണാകുളം ജില്ലയിൽ ആലുവ, തൃശൂരിൽ ചാലക്കുടി, വയനാട്ടിൽ വൈത്തിരി എന്നിവിടങ്ങളിലാണ് എക്സ്ചേഞ്ചുകൾ നശിച്ചത്. ഇടുക്കിയിലും വയനാട്ടിലും ഉരുൾപൊട്ടലാണ് ബാധിച്ചതെങ്കിൽ മറ്റിടങ്ങളിൽ എക്സ്ചേഞ്ചുകൾ വെള്ളത്തിനടിയിലായി. മൊബൈൽ ടവറുകളിൽ കേടായ ഉപകരണങ്ങൾക്കു പകരം പെെട്ടന്ന് എത്തിച്ച് സേവനം അതിവേഗം പുനരാരംഭിക്കാൻ സാധിച്ചതായി കേരള സർക്കിൾ ജനറൽ മാനേജർ (പ്ലാനിങ്) എൻ.കെ. സുകുമാരൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇന്ധന കമ്പനികൾ കടമായി ഡീസൽ നൽകി. അതിെൻറ ബാധ്യത തീർത്തു വരികയാണ്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിൽ ബി.എസ്.എൻ.എലിന് മുന്തിയ പരിഗണന ലഭിച്ചു. പല കേന്ദ്രങ്ങളിലും ഉപയോഗിക്കാതെ കിടന്ന ഉപകരണങ്ങൾ ബാധിക്കപ്പെട്ട ഇടങ്ങളിലേക്ക് മാറ്റി. മിക്കവാറും സ്വകാര്യ മൊബൈൽ കമ്പനികളുടെ സേവനം പ്രളയ ദിവസങ്ങളിൽ നിലച്ചിരുന്നു. അതേസമയം, ബി.എസ്.എൻ.എൽ പരമാവധി സേവനം എത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ സൗജന്യമായി സിം കാർഡ് വിതരണവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.