'വെള്ളത്തിലായ' കേസുകൾ വീണ്ടെടുക്കാൻ പൊലീസ്

ഗുരുവായൂർ: 'വെള്ളത്തിലായ' കേസുകൾ വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിൽ ഗുരുവായൂർ പൊലീസ്. കാറ്റടിച്ച് 'കേസുകൾ' പറന്നുപോകാതിരിക്കാൻ പ്രത്യേക കാവലുമുണ്ട്. പ്രളയത്തിൽ വെള്ളം കയറിയ സ്റ്റേഷനിലെ രേഖകൾ ഉണക്കിയെടുക്കാനുള്ള ശ്രമത്തിലാണ് കണ്ടാണശേരിയിലുള്ള ഗുരുവായൂർ സ്റ്റേഷനിലെ പൊലീസുകാർ. ആഗസ്റ്റ് 15ന് കനത്ത മഴ ആരംഭിച്ചതു മുതൽ നാല് നാൾ സ്റ്റേഷൻ വെള്ളം കയറിയ അവസ്ഥയിലായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള നെട്ടോട്ടത്തിനൊപ്പം പ്രളയത്തിലായ സ്വന്തം സ്റ്റേഷൻ കൂടി സംരക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു പൊലീസ്. പ്രളയ ദുരിതം അൽപമൊന്ന് അടങ്ങിയതോടെ നനഞ്ഞ രേഖകളെല്ലാം വെയിലത്ത് ഉണക്കിയെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ. കേസ് ഫയലുകൾ, രസീത് പുസ്തകങ്ങൾ, രജിസ്റ്ററുകൾ എന്നിവയെല്ലാം നനഞ്ഞ് കുതിർന്നിരുന്നു. സ്റ്റേഷന് മുന്നിലാണ് ഉണക്കിയെടുക്കൽ യജ്ഞം. റോഡരികിലുള്ള സ്റ്റേഷന് മുന്നിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള കാറ്റിൽ രേഖകൾ പറന്നു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. നനഞ്ഞ് മഷി പരന്നവയെല്ലാം എന്ത് ചെയ്യുമെന്ന് ഇപ്പോഴും ധാരണയായിട്ടില്ല. ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ ഗുരുവായൂർ: ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിയെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂലിയെ ചൊല്ലിയുള്ള തർക്കത്തിനിടെ സഹപ്രവർത്തകനെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയ കന്യാകുമാരി അമ്മാണ്ടിപിള്ളെ സ്വദേശി ഗോപാലകൃഷ്ണനെയാണ് (69) അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശി മുരുകനെയാണ് 2013 ആഗസ്റ്റ് 20ന് ഇയാൾ കൊലപ്പെടുത്തിയത്. അറസ്റ്റിലായിരുന്ന പ്രതി ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പ്രതിയുടെ കന്യാകുമാരിയിലെ വീട്ടിൽ നിന്നാണ് പൊലീസ് ഇൻസ്പെക്ടർ ഇ. ബാലകൃഷ്ണ​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.