കൃഷിക്ക് വെള്ളമില്ല; കർഷകർ ആശങ്കയിൽ

ചെറുതുരുത്തി: അഞ്ച് പഞ്ചായത്തുകളിൽ മുണ്ടകൻ കൃഷി ഇറക്കിയ കർഷകർ വെള്ളമില്ലാത്തതിനെ തുടർന്ന് ആശങ്കയിൽ. പാഞ്ഞാള്‍, വള്ളത്തോൾ നഗർ, ദേശമംഗലം, കൊണ്ടാഴി, പഴയന്നൂർ എന്നീ പഞ്ചായത്തുകളിലെ കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ചീരക്കുഴി കനാലില്‍നിന്നുള്ള വെള്ളമാണ് ഇവിടുത്തെ കർഷകരുടെ ആശ്രയം. ഡാം തകര്‍ന്നതോടെ ഈ വര്‍ഷം ജലലഭ്യത ഉണ്ടാകില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ചീരക്കുഴി കനാൽ മുതൽ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂർ വരെ 40.9 കിലോമീറ്ററാണ് വെള്ളം ഒഴുകിയെത്തുന്നത്. ഇത് അഞ്ച് പഞ്ചായത്തുകളിലൂടെ ഒഴുകിയാണ് ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരിൽ എത്തുന്നത്. പല കർഷകരും ബാങ്കിൽനിന്ന് ലോണെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. വെള്ളത്തി​െൻറ കാര്യത്തിൽ ആശങ്ക പരന്നതോടെ കർഷകർ ഞെട്ടലിലാണ്. പാഞ്ഞാൾ പഞ്ചായത്തിലെ വാഴാലിപ്പാടം പാടത്ത് സാധാരണ 60 ഏക്കർ കൃഷിയിറുണ്ട്. എന്നാൽ, ഇക്കുറി വെള്ളം ലഭിക്കാൻ സാധ്യത കുറവായതിനാൽ 10 ഏക്കറിലാണ് കൃഷിയിറക്കാൻ തീരുമാനിച്ചത്. ഇതുതന്നെയാണ് പല പഞ്ചായത്തിലെയും അവസ്ഥ. ഇത്തവണ ആശ്രയമാകുമെന്ന് കരുതിയിരുന്ന ഭാരതപ്പുഴയിലെ വാഴാലിപ്പാടം ഉരുക്കു തടയണയും ചതിച്ചു. ഭിത്തിയിടിഞ്ഞ് വെള്ളം ഗതിമാറി ഒഴുകുന്നതാണ് ഇവിടുത്തെ പ്രശ്നം. തടയണയുടെ പ്രശ്നം പരിഹരിച്ച് വെള്ളം കെട്ടിനിർത്തിയാൽ ചിരക്കുഴി കനാൽ വെള്ളത്തെ ആശ്രയിക്കാതെ കർഷകർക്ക് കൃഷിയിറക്കാമെന്ന് പാടശേഖര സമതി പ്രസിഡൻറ് കെ.കെ. അബ്്ദുല്ല പറഞ്ഞു. എന്നാൽ, പഞ്ചായത്തുകൾക്ക് ജലം എത്തിക്കാനുള്ള നടപടിയെടുക്കുന്നുണ്ടെന്നും കർഷകർ ഭയപ്പെടേണ്ടയെന്നും ചിരക്കുഴി അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. ബാലശങ്കർ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.