തൃശൂർ: റെയിൽവേ പുറമ്പോക്ക് കോളനിയിൽ മൂന്ന് മക്കളുമായി ദുരിതാവസ്ഥയിൽ കഴിയുന്ന വിജയലക്ഷ്മിയെ സാന്ത്വനിപ്പിക്കാൻ കൃഷിമന്ത്രി സുനിൽകുമാറെത്തി. 'മാധ്യമ'ത്തിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച വാർത്തകണ്ടാണ് നഗരഹൃദയത്തിലെ ചേരിയിൽ ജീവിക്കുന്ന വിജയലക്ഷ്മിയെയും കുടുംബത്തെയും സന്ദർശിക്കാൻ മന്ത്രി തീരുമാനിച്ചത്. ഒറ്റപ്രസവത്തിലെ മൂന്ന് കുട്ടികളുമായി അനാരോഗ്യകരമായ ചുറ്റുപാടിൽ താമസിക്കുന്ന കുടുംബത്തിന് മാളയിലെ പുത്തൻചിറയിൽ മൂന്ന് സെൻറ് സ്ഥലം നൽകാമെന്ന് ഡിലൈറ്റ് എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ടി.കെ അബ്ദുൽ അസീസ് അറിയിച്ചിരുന്നു. ഈ സ്ഥലത്ത് വീടുവെക്കാനാവശ്യമായ സഹായം നൽകാമെന്നാണ് മന്ത്രി സുനിൽകുമാർ ഉറപ്പുനൽകിയത്. നിറഞ്ഞ കണ്ണുകളോടെയാണ് വിജിയും ഭർത്താവ് നിധിനും അമ്മ കമലയും മന്ത്രിയുടെ വാക്കുകൾ കേട്ടത്. ജീവിതത്തിലൊരിക്കലും നടക്കില്ലെന്ന് കരുതിയ വീടെന്ന മോഹമാണ് 'മാധ്യമ'ത്തിെൻറ ഇടപെടലിലൂടെ പൂവണിയുന്നതെന്ന് വിജി പറഞ്ഞു. വിജിയെ ആശ്വസിപ്പിക്കാനെത്തിയ മന്ത്രി തങ്ങളുടെ ദുരിതങ്ങളും കൂടി കാണണമെന്ന് പറഞ്ഞ് ചേരിയിലെ അനേകം കുടുംബങ്ങൾ പരാതിയുമായി ചുറ്റുംകൂടി. മറ്റ് തിരക്കുകൾ മാറ്റിവെച്ച് സുനിൽകുമാർ ഓരോ വീട്ടിലും കയറിയിറങ്ങി. പ്രദേശത്തെ മാലിന്യപ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കൗൺസിലറായ എം.പി. സുകുമാരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ബി. സുമേഷ്, മുൻ കൗൺസിലർ സാറാമ്മ റോബ്സൺ എന്നിവരും ഉണ്ടായിരുന്നു. വാർത്ത കണ്ട് എ.ഐ.വൈ.എഫും മറ്റ് ചില വ്യക്തികളും സഹായങ്ങളുമായി നേരത്തേ വീട്ടിലെത്തിയിരുന്നു. വിജിക്കും കുടുംബത്തിനും വടൂക്കരയിൽ വാടകവീട് നൽകാമെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.