കിലയിൽ പിൻവാതിൽ നിയമനത്തിന് നീക്കം

തൃശൂർ: തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള പരിശീലന കേന്ദ്രമായ മുളങ്കുന്നത്തുകാവ് കിലയിൽ ചട്ടങ്ങൾ മറികടന്ന് നിയമനത്തിന് നീക്കം. പ്രളയ സാഹചര്യത്തിൽ ചെലവ് ചുരുക്കാനും അടിയന്തരാവശ്യങ്ങൾക്കുള്ള നിയമനമൊഴികെ മറ്റുള്ളവയിൽ നിയന്ത്രണമേർപ്പെടുത്താനും ധനവകുപ്പ് നിർദേശം നൽകിയിരിക്കെയാണ് ഇത് അട്ടിമറിച്ച് സ്ഥിരനിയമനത്തിനൊരുങ്ങുന്നത്. തദ്ദേശവകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ഇതാദ്യമായി ശനിയാഴ്ച കിലയിലെത്തുന്ന മന്ത്രി എ.സി. മൊയ്തീന് മുന്നിൽ ഇക്കാര്യവും എത്തുന്നുണ്ടെന്നാണ് സൂചന. ഈ സർക്കാർ ചുമതലയേറ്റശേഷം ആരെയും താൽക്കാലികമായോ, കരാറടിസ്ഥാനത്തിലോ അടിസ്ഥാന തസ്തികകളിലേക്ക് നിയമനങ്ങൾ നടത്തിയിട്ടില്ലെന്ന വിശദീകരണത്തിനൊപ്പം, വിവിധ േപ്രാജക്ടുകളുടെയും പരിശീലനങ്ങളുടെയും സുഗമമായ നടത്തിപ്പിനോടനുബന്ധിച്ച് 87പേർ കിലയിൽ ജോലിയിലുണ്ടെന്നാണ് തദ്ദേശഭരണവകുപ്പി​െൻറ മറുപടി. 10 വർഷത്തിലധികം ദിവസവേതനാടിസ്ഥാനത്തിൽ ജോലിയെടുക്കുകയോ, മാധ്യമ പരസ്യങ്ങളിലൂടെ അറിയിപ്പ് നൽകി മതിയായ യോഗ്യതയുള്ളവരെ ഇൻറർവ്യൂവിലൂടെയാണ് നിയമിക്കേണ്ടതെന്നിരിക്കെ ഇതൊന്നുമില്ലാതെ പിൻവാതിലിലൂടെ നിയമിക്കാനാണ് ശ്രമം. ഇക്കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് ചേർന്ന കിലയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ നിയമനം അജണ്ടയായി വന്നിരുന്നു. ഇപ്പോൾ താൽക്കാലിക അടിസ്ഥാനത്തിൽ കിലയിൽ ജോലിയെടുക്കുന്ന 35പേർക്ക് സ്ഥിരനിയമനം നൽകാനാണ് നീക്കമത്രെ. ഇതിലാകട്ടെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങൾ മുതലുള്ളവരുണ്ട്. മാത്രവുമല്ല 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും നിയമിക്കാനുദ്ദേശിക്കുന്നവരിലുണ്ട്. 10 വർഷമെങ്കിലും ദിവസവേതനാടിസ്ഥാനത്തിൽ ജോലിയെടുത്തവരെ മാത്രമേ സ്ഥിരനിയമനത്തിന് പരിഗണിക്കാവൂ എന്നിരിക്കെ ഈ കാലയളവ് പൂർത്തിയാക്കിയവരെ പരിഗണിക്കാതെ, മൂന്നുമാസം മാത്രമായി അവരും പുതിയ പിൻവാതിൽ നിയമനത്തിന് തയാറാക്കിയ പട്ടികയിലുണ്ട്. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് പിൻവാതിൽ നിയമനം ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും നടപ്പിലായില്ല. പിൻവാതിൽ നിയമന നീക്കത്തിനെതിരെ കിലയിലെ ജീവനക്കാർക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.