രണ്ടര വർഷംകൊണ്ട് ഡീസലിന്​ 60ഉം; പെട്രോളിന് 40ഉം ശതമാനം വിലവർധന

തൃശൂർ: സാധാരണക്കാര​െൻറ ജീവിതം വലച്ചുള്ള ഇന്ധനക്കൊള്ളയിൽ രണ്ടര വർഷത്തിനിടയിൽ ഡീസൽ വിലയിൽ 60 ശതമാനവും പെട്രോളിന് 40 ശതമാനവും ഉയർന്നു. എക്സൈസ് തീരുവ ഇനത്തിൽ കേന്ദ്രത്തിനും വിൽപന നികുതി ഇനത്തിൽ സംസ്ഥാനവും വിറ്റുവരവിൽ കമ്പനികളും പ്രതിമാസം കോടികൾ കൈക്കലാക്കുന്ന കൊള്ളയിൽ ഇരയാവുന്നത് പാവം അരപ്പട്ടിണിക്കാരനാണ്. വെള്ളിയാഴ്ച കേരളത്തിൽ ഡീസലിന് 77.23ഉം, പെട്രോളിന് 83.88ഉം രൂപയായി. 2016 ഫെബ്രുവരിയിൽ ഡീസലിന് 47.89 ഉം, പെട്രോളിന് 59.05ഉം രൂപയായിരുന്നു. രണ്ടര വർഷം കൊണ്ട് ഡീസലിന് 30 രൂപയും പെട്രോളിന് 23.49 രൂപയും വർധിച്ചെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നേൻ പറഞ്ഞു. ക്രൂഡ് ഓ‍യിൽ വില വർധനവാണ് ഇന്ധനവില വർധനവിന് പ്രധാനമായും ഉദാഹരിക്കാറുള്ളതെങ്കിലും, രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില താഴ്ന്ന് നിൽക്കുമ്പോഴും ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരുകയാണ്. 2010 ജൂണിൽ ക്രൂഡ് ഓയിൽ വില ബാരലിന് 75.59 ഡോളർ ആയിരിക്കുമ്പോൾ രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 55.88 രൂപയും ഡീസൽ വില 41.98 രൂപയും ആയിരുന്നു. 2011 ജൂലൈയിൽ ക്രൂഡ് ഓയിൽ വില 95.68 ൽ നിൽക്കുമ്പോൾ പെട്രോളിന് 68.62ഉം ഡീസലിന് 45.99ഉം ആയിരുന്നു. 2014 മാർച്ചിൽ ക്രൂഡ് ഓയിൽ വില 101. 57 ഡോളർ ആയിരിക്കുമ്പോൾ പെട്രോൾ വില 82.07ഉം ഡീസൽ വില 63.86ഉം ആയിരുന്നു. ഈ വർഷം ഇപ്പോൾ ക്രൂഡ് ഓയിൽ വില ബാരലിന് 69.80 ഡോളറും, ബ്ര​െൻറ് ക്രൂഡ് 77.64 ഡോളറുമാണ്. ആഗസ്റ്റ് 16 മുതൽ ദിനേന വില ഉയരുകയാണ്. അഞ്ച് മാസത്തിനിടയിൽ പെട്രോളിന് 6.50ഉം ഡീസലിന് 4.70 രൂപയും വർധിച്ചു. രണ്ടു മാസത്തിൽ ഡീസലിന് 4.49ഉം പെട്രോളിന് 4.59 രൂപയുടേയും വർധനവുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.