തൃശൂർ: വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യംെവച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്നും മറ്റു ലഹരി ഉൽപന്നങ്ങളും കേരളത്തിേലക്ക് വൻ തോതിൽ എത്തിക്കുന്നതായി വിവരം ലഭിച്ചതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. യുവതലമുറയെ വഴിതെറ്റിക്കുന്ന ലഹരി മാഫിയയുടെ വേരറക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ എക്സൈസ് അക്കാദമി ആൻഡ് റിസർച് മൈതാനിയിൽ പരിശീലനം പൂർത്തിയാക്കിയ മൂന്നാമത് വനിത സിവിൽ എക്സൈസ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പിനെ ആധുനികവത്കരിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ്. പത്ത് ചെക്ക് പോസ്റ്റുകളും 185 റേഞ്ച് ഓഫിസുകളും കമ്പ്യൂട്ടർവത്കരിച്ചു. ഈ വർഷം ഏഴ് ഡിവിഷൻ ഓഫിസുകളിൽ ഇ-ഓഫിസ് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ലഹരിമാഫിയയുടെ കൈയിലകപ്പെടുന്നവർ കേവലം ലഹരിക്ക് അടിമപ്പെടുക മാത്രമല്ല, മാനസികനില തെറ്റി ക്രിമിനലാകുകയുമാണ്. ഋഷിരാജ് സിങ് എക്സൈസ് കമീഷണറായ ശേഷം എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങളിൽ എക്സൈസ് വകുപ്പ് സർവകാല റെക്കോഡ് കൈവരിച്ചതായി മന്ത്രി അറിയിച്ചു. 11,000 മയക്കുമരുന്ന് കേസുകളും, 42,000 അബ്കാരി കേസുകളും ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തു. പ്രളയകാലത്ത് സമാനതകളിലാത്ത രക്ഷാദൗത്യത്തിൽ ഏർപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.