സംയുക്ത സമരം വിജയം മതിലിടവഴി റോഡ് ദേവസ്വം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം കഴിഞ്ഞ ഭരണസമിതി അടച്ചുകെട്ടിയ മതിലിടവഴി റോഡ് പുതിയ ദേവസ്വം കമ്മിറ്റി പൊതുജനങ്ങൾക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തു. ക്ഷേത്രമതിലിനു കോട്ടംതട്ടാത്ത വിധം ഓട്ടോ, ബൈക്ക് എന്നിവക്ക് കടന്നുപോകാൻ സൗകര്യമൊരുക്കണമെന്ന പൊതുജന ആവശ്യത്തെത്തുടർന്നാണ് മതിലിടവഴി തുറന്നത്. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടങ്കാട്ടിൽ, രാജേഷ് തമ്പാൻ, എ.വി. ഷൈൻ, കെ.കെ. പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വഴി തുറന്നുകൊടുത്തത്. അതേസമയം, മതിലിടവഴി തുറന്നുകൊടുത്തു എന്നുപറഞ്ഞ് ഭരണസമിതി കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്തതെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തി‍​െൻറ മതിലിനോട് ചേർന്ന കിഴക്കും തെക്കും ഭാഗത്ത് സ്ഥിതിചെയുന്ന പുറമ്പോക്ക് റോഡിൽ പോസ്റ്റുകൾ സ്ഥാപിച്ചതും ഭിത്തികൾ നിർമിച്ചതും ഈ വഴിയിലൂടെയുള്ള പൊതുജനങ്ങളുടെ ഗതാഗതത്തിനുള്ള തടസ്സങ്ങൾ നീക്കി വഴി പൂർവസ്ഥിതിയിലാക്കാനുള്ള ആർ.ഡി.ഒ ഉത്തരവ് കൂടൽമാണിക്യം ഭരണസമിതി നടപ്പാക്കണമെന്നും അല്ലാതെ അടച്ചുകെട്ടിയ മതിലി​െൻറ ചെറിയൊരു ഭാഗം പൊളിച്ചുകളഞ്ഞു ഗതാഗതത്തിനായി തുറന്നുകൊടുത്തുവെന്ന പ്രചാരണം വെറും കൈയടി നേടാനുള്ളത് മാത്രമാണെന്ന് സമരസമിതി നേതാവ് രാജേഷ് അപ്പാട്ട് പറഞ്ഞു. കുട്ടംകുളം-തെക്കേനട റോഡ് 2015 ലെ ഭരണസമിതി റോഡിന് കുറുകെ ചങ്ങല കെട്ടിയും ഭിത്തികെട്ടി അടച്ചതിനെ തുടർന്ന് വിവിധ സംഘടനകൾ സമരം ചെയ്തിരുന്നു. അടച്ച വഴി തുറന്നുകൊടുക്കാൻ കേരള പട്ടികജാതി-വർഗ കമീഷനും ആർ.ഡി.ഒയും ഉത്തരവ് ഇട്ടെങ്കിലും ആ വിധി നടപ്പാക്കാതെ മുനിസിപ്പാലിറ്റിയും ദേവസ്വവും നീട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടംകുളം സമരനായിക കെ.ആർ. തങ്കമ്മയാണ് വഴി തുറന്നുകിട്ടാൻ പരാതി നൽകിയത്. ഇപ്പോൾ ദേവസ്വം വഴി തുറന്നുനൽകാൻ മുന്നോട്ടുവന്നത് നല്ല കാര്യമാണെന്നും സമരത്തി​െൻറ ഉജ്ജ്വല വിജയമാണെന്നും അവർ പറഞ്ഞു. മതിലിടവഴി വിഷയത്തിൽ സമരരംഗത്തുണ്ടായിരുന്ന സംഘടനകൾ കഴിഞ്ഞ ദിവസം രാജേഷ് അപ്പാട്ടി​െൻറ അധ്യക്ഷയിൽ യോഗംചേർന്നു. കുട്ടംകുളം സമരസമിതി കൺവീനർ പി.ഐ. വിജയൻ, ടി.കെ. ആദിത്യകുമാർ (എസ്.പി.എം.എസ്), പി.സി. മോഹനൻ (ഇരിങ്ങാലക്കുട കൂട്ടായ്മ), വിജയൻ പുല്ലൂർ, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ, പി.കെ. നാരായണൻ, എം.കെ. ദാസൻ, രാധകൃഷ്ണൻ, എന്നിവർ സംസാരിച്ചു. കിഴക്കേനടവഴി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ദേവസ്വം നടപടി സ്വാഗതാര്‍ഹമാണെന്ന് സി.പി.ഐയും ബി.ജെ.പിയും പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.