തിരക്കിൽ മുറുകി റോഡുകൾ

തൃശൂർ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തൃശൂർ-കുന്നംകുളം റോഡിലും കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് കുതിരാനിലും വൻ ഗതാഗതക്കുരുക്ക്. മണ്ണുത്തിയിൽ പൊടിശല്യം. തൃശൂർ-കോഴിക്കോട് പാതയിൽ കാണിപ്പയ്യൂർ മുതൽ കൈപ്പറമ്പ് വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. അക്കിക്കാവ് ബൈപാസ് വഴിയാണ് സ്വകാര്യ വാഹനങ്ങളും മറ്റും തൃശൂരിലേക്ക് വരുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് ചൂണ്ടൽ പാന്നൂർ റോഡ് തകർന്നിരുന്നു. ഇവിടെ ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. മണ്ണുത്തി കുതിരാനിൽ ദേശീയപാതയിലെ കുഴികളില്‍പ്പെട്ട വാഹനങ്ങള്‍ വേഗംകുറച്ച് പോകുന്നതാണ് കുരുക്കിന് കാരണമായത്. കൊമ്പഴ മുതല്‍ വാണിയമ്പാറ വരെ ഒരു കിലോമീറ്റര്‍ വരെയാണ് വാഹനങ്ങള്‍ കുരുങ്ങിക്കിടന്നത്. വലിയ ചരക്ക് ലോറികള്‍ ലൈന്‍ ട്രാഫിക് തെറ്റിച്ചുവരുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കുതിരാനിലെ തുരങ്ക നിര്‍മാണ പ്രവൃത്തികള്‍ വീണ്ടും ഇഴഞ്ഞുതുടങ്ങിയതിനൊപ്പം ദേശീയപാതയില്‍ അറ്റകുറ്റപ്പണി നീളുകയാണ്. തുരങ്ക നിര്‍മാണ കമ്പനിക്ക് ദേശീയപാത കരാര്‍ കമ്പനി നല്‍കാനുള്ള കുടിശ്ശിക നൽകുന്നതിൽ വീണ്ടും കരാർ ലംഘിച്ചു. മണ്ണുത്തിയിൽ ഡോണ്‍ബോസ്‌കോ മുതല്‍ മുളയം റോഡ് വരെയുള്ള അരകിലോമീറ്റര്‍ റോഡിലാണ് പൊടിശല്യം അതിരൂക്ഷം. റോഡിന് സമീപത്തെ വീടുകളും വ്യാപാരസ്ഥാപനങ്ങളും കിണറുകളുമെല്ലാം പൊടിയിൽ മുങ്ങി ദുരിതത്തിലാണ്. മുളയംറോഡ് ജങ്ഷനില്‍ അടിപ്പാതക്കായി ദേശീയപാത നിര്‍മാണം നിര്‍ത്തിയതാണ് പൊടിശല്യത്തിനിടയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.