വാടാനപ്പള്ളി: മാലിന്യത്താൽ വീർപ്പുമുട്ടുകയാണ് നടുവിൽക്കര ജവാൻ കോളനി നിവാസികൾ. പ്രളയത്തിൽ വീടിനുള്ളിൽ കയറിയ ചളിവെള്ളം ഒഴിഞ്ഞെങ്കിലും വീടുകൾക്ക് സമീപത്തെ തോടുകളിൽ മലിനജലം കെട്ടിക്കിടക്കുന്നതാണ് നിവാസികളെ ദുരിതത്തിലാക്കിയത്. പ്രളയദുരിതം വിട്ടുമാറിയപ്പോഴാണ് മാലിന്യദുരിതം കോളനിക്കാരെ പിടികൂടിയത്. രോഗഭീഷണിയിലാണ് കുടുംബങ്ങൾ. പുത്തില്ലത്ത് ക്ഷേത്രത്തിന് കിഴക്ക് പുഴയോരത്താണ് നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ജവാൻ കോളനി. വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകാൻ കഴിയാതെ തോട്ടിൽ കെട്ടിനിന്ന് കറുത്ത നിറത്തിൽ കുറുകിയ നിലയിലാണ്. ദുർഗന്ധം കാരണം കോളനിവാസികൾ വീട്ടിലിരുന്ന് മൂക്കുപൊത്തിയാണ് ഭക്ഷണം കഴിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ കൊതുകുശല്യം രൂക്ഷമാണ്. പ്രളയത്തിൽ പ്രദേശത്തെ വീടിനകത്ത് പകുതിവരെ മലിനജലം നിറഞ്ഞിരുന്നു. വെള്ളം ഒഴിഞ്ഞതോടെ ക്യാമ്പ് വീട്ട് വീട്ടിലെത്തിയ കോളനിക്കാർ ദിവസങ്ങളോളം പാടുപെട്ടാണ് വീട് വൃത്തിയാക്കിയത്. മലിനജലവും ദുർഗന്ധവും കാരണം വീട് വൃത്തിയാക്കാനും മറ്റ് ആളുകൾ മടിച്ചു. എക്സ്കവേറ്റർ ഉപയോഗിച്ച് തോട് ആഴത്തിൽ കോരി വെള്ളം ഒഴുകിപ്പോകാനും സ്ലാബ് ഇടാനും പഞ്ചായത്ത് നടപടി കൈക്കൊള്ളണമെന്ന് കോളനിക്കാർ ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. പ്രളയത്തിൽ തകർന്ന കോളനിയിലെ നാല് വീടുകൾ പൊതുപ്രവർത്തകരുടെ സഹായത്താൽ കെട്ടിവരുകയാണ്. മാലിന്യം നിറഞ്ഞതോടെ കുട്ടികൾക്കടക്കം പനിയും ചുമയും തലവേദനയും വിട്ടുമാറുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.