പഞ്ചായത്തുകളിലെ പ്രളയ മാലിന്യം ചാലക്കുടി നഗരസഭയിൽ തള്ളാൻ ശ്രമം

ചാലക്കുടി: പഞ്ചായത്തുകളുടെ ടൺ കണക്കിന് മാലിന്യം ചാലക്കുടി നഗരത്തിൽ തട്ടാനുള്ള ശ്രമം തടഞ്ഞു. കലക്ടറുടെ നിർദേശ പ്രകാരമാണെന്ന് പറഞ്ഞ് അന്നമനട, മേലൂർ, കുഴൂർ പഞ്ചായത്തുകളിൽനിന്ന് നിരവധി ലോറികളിൽ കയറ്റിയെത്തിയ മാലിന്യം ചാലക്കുടിയിൽ പഴയ പൊലീസ് ക്വാർട്ടേഴ്സി​െൻറ സ്ഥലത്താണ് തട്ടാൻ ശ്രമിച്ചത്. ആറ് ലോറികളിലെ മാലിന്യം അവിടെ തട്ടുകയും ചെയ്തിരുന്നു. ഇതിനിടയിൽ സമീപത്തെ വീട്ടുകാർ നഗരസഭ അധികൃതരെ വിവരം അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് ചാലക്കുടി നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീൺ കുമാർ, വൈസ് ചെയർമാൻ വിൽസൻ പാണാട്ടുപറമ്പിൽ, യു.വി. മാർട്ടിൻ എന്നിവർ സ്ഥലത്തെത്തി. കാര്യം തിരക്കിയപ്പോൾ കലക്ടർ ചാലക്കുടിയിലെ റവന്യു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാൻ നിർദേശിച്ചതു പ്രകാരമാണ് ഇവിടെ മാലിന്യം തട്ടുന്നതെന്ന മറുപടിയാണ് അവർ പറഞ്ഞത്. എന്നാൽ കലക്ടർ ഈ വിവരം ചാലക്കുടി നഗരസഭ അധികൃതരോട് അറിയിച്ചിരുന്നില്ല. ചാലക്കുടിയിലെ വിവിധ വാർഡുകളിലെ മാലിന്യം നിക്ഷേപിക്കാനും സംസ്കരിക്കാനും ഇടമില്ലാതെ വിഷമിക്കുന്ന അവസ്ഥയാണ് നഗരസഭയുടേത്. കൊരട്ടി അടക്കമുള്ള പഞ്ചായത്തുകളിൽ മാലിന്യം വിവിധ സ്ഥലങ്ങളിൽ സംസ്കരിക്കാനുള്ള ശ്രമത്തിനെതിരെ പഞ്ചായത്തിലെ പ്രദേശവാസികൾ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് പലയിടത്തും സംഘർഷാവസ്ഥയുണ്ട്. ഇതിനെ തുടർന്നാണ് പഞ്ചായത്തുകൾ മാലിന്യങ്ങൾ നഗരസഭയിൽ തള്ളാൻ ശ്രമം നടത്തുന്നത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.