തൃശൂർ: ഇൻഷൂറൻസ് ലഭിക്കുന്നതിന് മനപ്പൂർവം വാഹനം പാടത്തേക്ക് ഓടിച്ചിറക്കിയ കാർ ഉടമ അറസ്റ്റിൽ. വെള്ളാനി സ്വദേശി ഊരാളത്ത് വീട്ടിൽ ബിസി(43)യെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പം റോഡിലുള്ള യുനൈറ്റഡ് ഇന്ത്യ ഇൻഷൂറൻസിൽനിന്ന് കൃത്രിമമായി വാഹനാപകട ഇൻഷൂറൻസ് തട്ടാനുള്ള ശ്രമമാണ് പൊളിഞ്ഞത്. ഇൻഷൂറൻസ് സീനിയർ ഡിവിഷനൽ മാനേജർ നിഷ മാത്യുവിെൻറ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാളുടെ 10 ലക്ഷം മാർക്കറ്റ് വിലയുള്ള ബെൻസ് കാർ 24 ലക്ഷത്തിനാണ് യുനൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനിയിൽ ഇൻഷൂർ ചെയ്തിരുന്നത്. കാലാവധി തീരാൻ രണ്ട് ദിവസം ബാക്കി നിൽക്കെ 2017 ജൂലൈ 11ന് സുഹൃത്തുക്കളുടെ സഹായത്തോടെ പെരുമ്പുഴ പാലത്തിനടുത്തുള്ള പാടത്തെ വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കുകയും വാഹനം പൂർണമായും നശിച്ചെന്ന് പറഞ്ഞ് ഇൻഷൂറൻസിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇതോടെ കമ്പനി ജീവനക്കാർക്ക് സംശയം തോന്നി പരാതി നൽകി. സാമ്പത്തിക ബാധ്യത തരണം ചെയ്യുന്നതിന് മനപ്പൂർവം ചെയ്തതാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സി.ഐ കെ.സി. സേതു, ഈസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ പി. മുരളീധരൻ, എസ്.ഐ സതീശ് പുതുശേരി, എ.എസ്.ഐ വിനയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.