ചാലക്കുടി: പ്രളയം തകർത്ത കാടുകുറ്റി പഞ്ചായത്തിലെ വൈന്തല ഗ്രാമത്തിലെ കടമ്മനാട് കോളനിയിൽ ആളുകൾ ഇനിയും തിരിച്ചു വന്നില്ല. ദുരിതാശ്വാസ കേന്ദ്രത്തിൽനിന്ന് ഇവർക്ക് എന്നു തിരിച്ചു വരാനാവുമെന്നറിയുന്നില്ല. തകർന്ന വീടുകൾ പുനർനിർമിച്ചാലേ ഇവർക്ക് വീട്ടിലേക്ക് തിരിച്ചുവരാനാകൂ. ചാലക്കുടിപ്പുഴ വൈന്തലപ്പാടത്തേക്ക് കവിഞ്ഞൊഴുകിയാണ് കടമ്മനാട് കോളനി തകർന്നത്. വൈന്തലപ്പാടത്തിന് സമീപത്തെ പത്ത് സെൻറ് കോളനിയിലായി 20 വീടുകളാണ് ഉള്ളത്. ഇതിൽ എട്ടെണ്ണവും നിലം പൊത്തി. ബാക്കിയുള്ള വീടുകൾ ഭാഗികമായി തകർന്നു. കോളനിയിലെയും പരിസരത്തെയും 28 വീട്ടുകാർ വൈന്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ തങ്ങുകയാണ്. കൂലിപ്പണിക്കാരായ ഇവർ ജോലിക്ക് പോകാൻ കഴിയാതെ തകർന്ന വീടുകൾക്ക് മുന്നിൽ നെടുവീർപ്പിട്ട് നിൽക്കുകയാണ്. ജീവിത സമ്പാദ്യംകൊണ്ട് കെട്ടിപ്പടുത്ത വാർക്ക വീട് നിലം പൊത്തിയ സങ്കടത്തിലാണ് വിനു പണിക്കശേരി. ആബിദയും മുസ്തഫയും ബന്ധുക്കളുടെ വീട്ടിൽ പോലും പോകാൻ സാധിക്കാത്ത ദുരവസ്ഥയിലാണ്. വീട് തകർന്നതിെൻറ ഞെട്ടൽ വേലായുധനിൽനിന്ന് വിട്ടുമാറിയിട്ടില്ല. ഒരു പാട് പേരുടെ നെടുവീർപ്പുകളാണ് വൈന്തലയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവരെ സങ്കടപ്പെടുത്തുക. തകർന്ന വീടുകളുടെ പുനർനിർമാണം, ഭാഗികമായ തകർന്നവയുടെ അറ്റകുറ്റപ്പണികൾ, കിണർ ശുചീകരണം എന്നിവക്കൊന്നും ആരുടെയും സഹായം എത്തിയിട്ടില്ല. മേലഡൂർ ഭാഗത്തെ സ്കൂളിൽ പഠിക്കുന്ന ഇവിടത്തെ കുട്ടികൾ ഇതുവരെയും സ്കൂളിലേക്ക് പോയിട്ടില്ല. കടമ്മനാട്ട് കോളനിക്കാരെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ ഒരു കൈ ആരെങ്കിലും സഹായിക്കാനെത്തുമോയെന്ന പ്രതീക്ഷയിലാണ് ഒരു പറ്റം മനഷ്യർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.