ട്രെയിനുകള്‍ റദ്ദാക്കി; ഇന്ധനമില്ലാതെ വലഞ്ഞ് കെ.എസ്.ആർ.ടി.സി

തൃശൂര്‍: ട്രെയിനുകള്‍ റദ്ദാക്കിയതും കെ.എസ്.ആര്‍.ടി.സിയില്‍ ഡീസല്‍ ക്ഷാമം മൂലം സര്‍വിസുകള്‍ തുടങ്ങാന്‍ വൈകിയതും യാത്രക്കാരെ വലച്ചു. ട്രാക്കില്‍ മണ്ണു വീണതും അറ്റകുറ്റപ്പണിയുമാണ് ട്രെയിനുകള്‍ പലതും റദ്ദാക്കാൻ കാരണം. രാവിലെ പുറപ്പെടേണ്ട ഗുരുവായൂര്‍-പുനലൂര്‍ ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് നട്ടം തിരിഞ്ഞത്. എന്നാല്‍ ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കിയെന്ന വ്യാജ വാർത്ത നിരവധി യാത്രക്കാരെ വലച്ചു. രാവിലെ ഏഴിന് ഗുരുവായൂര്‍-എറണാകുളം പാസഞ്ചറില്‍ കാലു കുത്താന്‍ ഇടമില്ലാതെയാണ് യാത്ര. അരമണിക്കൂറിലധികം വൈകിയാണ് ഈ പാസഞ്ചര്‍ ട്രെയിന്‍ ഗുരുവായൂരില്‍നിന്ന് തൃശൂരിലെത്തുന്നതു തന്നെ. ഗുരുവായൂര്‍-പുനലൂര്‍ ട്രെയിന്‍ റദ്ദാക്കിയതോടെ ഇതിലെ യാത്രക്കാരും കൂടി പാസഞ്ചര്‍ ട്രെയിനില്‍ കയറുന്നതിനാല്‍ വൻ തിരക്കാണ് അനുഭവപ്പെടാറ്. ചില ട്രെയിനുകള്‍ മാത്രം റദ്ദാക്കുന്നതിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും കലക്ഷന്‍ കുറവാണെന്ന് പറഞ്ഞ് ഭാവിയില്‍ ഈ ട്രെയിനുകള്‍ സ്ഥിരമായി റദ്ദാക്കാനുള്ള നീക്കത്തി​െൻറ ഭാഗമായാണെന്നും ആരോപണമുണ്ട്. ഡീസല്‍ ക്ഷാമം മൂലം തൃശൂര്‍ കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡില്‍നിന്ന് ബസുകൾ പുറപ്പെടാന്‍ വൈകിയതും തിരിച്ചടിയായി. രാവിലെ തുടങ്ങേണ്ട പല സര്‍വിസുകളും മണിക്കൂറുകള്‍ വൈകിയാണ് തുടങ്ങിയത്. 20 ശതമാനം കുറവ് ഡീസലാണ് എല്ലാ ഡിപ്പോകളിലേക്കും എത്തുന്നതെന്നാണ് പറയുന്നത്. ബസ് സര്‍വിസുകള്‍ 20 ശതമാനം കുറച്ച് സര്‍വിസ് നടത്തിയാല്‍ മതിയെന്നും ഉത്തരവ് നല്‍കിയിട്ടുണ്ടത്രേ. പക്ഷേ ഇതു പുറത്തു പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഡീസല്‍ ഫുള്‍ ടാങ്ക് നല്‍കാനും തയ്യാറാകുന്നില്ല. തൃശൂരില്‍നിന്ന് കോഴിക്കോട് പോയി തിരിച്ച് എറണാകുളത്തേക്ക് സര്‍വിസ് നടത്തേണ്ട ബസുകള്‍ പലതും കോഴിക്കോട് പോയി തിരിച്ചുവന്ന് തൃശൂരില്‍ സര്‍വിസ് അവസാനിപ്പിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.