കണ്ണീർ ഒഴുകി കനോലി കനാൽ

പുന്നയൂർ: പ്രളയക്കെടുതി തീരുംമുമ്പേ കനോലി കനാലിൽ അറവ് മാലിന്യം തള്ളാൻ തുടങ്ങി. എടക്കര ഒറ്റയിനി റോഡിലെ ചലിക്കും പാലത്തിന് അടിയിലെ കനാലിലാണ് കോഴി, പോത്ത് തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ വൻ തോതിൽ രാത്രി തള്ളിയത്. ഏത് സമയവും അറവ് മാലിന്യത്താൽ ദുർഗന്ധമുള്ള റോഡാണിത്. കനാലിൽ തള്ളിയ മാലിന്യം ഒഴുകിപ്പോകാതെ കൊതുകുകളും ഈച്ചകളും പെരുകി. മാലിന്യം പക്ഷികൾ കൊത്തിവലിച്ചുകൊണ്ടുപോകുകയാണ്. ഒറ്റയടിക്ക് ഇത്രയും അധികം മാലിന്യം മേഖലയിൽ തള്ളുന്നത് ആദ്യമായാണ്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന നിരവധി അറവുശാലകളും കോഴി ഇറച്ചി വിൽപന കേന്ദ്രങ്ങളും പ്രദേശത്തുണ്ട്. അറവുശാലകളിൽ നിന്ന് കോഴി അവശിഷ്ടം കിലോക്ക് ആറ് രൂപ നൽകി വലിയതോതിൽ വാങ്ങുന്നവരും സജീവമാണ്. പന്നി ഫാമിലേക്കും മറ്റുമാണെന്ന് പറഞ്ഞാണ് ഇവർ എല്ലാ കടകളിൽ നിന്നും അവശിഷ്ടം വാങ്ങുന്നത്. വാഹനത്തിൽ കയറ്റി മാലിന്യം പിന്നീട് പല പ്രദേശത്തും കൊണ്ടുപോയി തള്ളുന്നവരും ഇവർക്കിടയിൽ സജീവമാണ്. ഇവരാകാം കനാലിൽ മാലിന്യം തള്ളിയത്. പ്രദേശത്തെ വീട്ടുകാർക്കും വഴിയാത്രികർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാഹചര്യമൊരുക്കും വിധത്തിലാണ് ഇപ്പോഴത്തെ മാലിന്യം തള്ളൽ. ദേശീയപാതയിൽ നിന്ന് പുന്നയൂർ പഞ്ചായത്തിലേക്കും വില്ലേജ് ഓഫിസിലേക്കും പോകുന്ന തിരക്കേറിയ റോഡിലൂടെ നാട്ടുകാർ മൂക്ക് പൊത്തി നടക്കുമ്പോൾ പഞ്ചായത്തും ആരോഗ്യ വകുപ്പും പൊലീസും ഇടപെടുന്നില്ലെന്ന ആരോപണവും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.