തൃശൂർ: പീച്ചിയിൽനിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മഞ്ഞനിറം കലർന്നതെന്ന പരാതിക്ക് ദിവസങ്ങളായിട്ടും പരിഹാരമായില്ല. പരസ്പരം ആരോപണമുന്നയിച്ച് കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും കോർപറേഷനും നിൽക്കുമ്പോൾ ജനം നല്ലവെള്ളം വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്. ലോട്ടറിയടിച്ചപോലെ അതിവർഷത്തെ തുടർന്ന് ആരംഭിച്ച പീച്ചിയിലെ വൈദ്യുതോൽപാദനം നിർത്താനാവില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബിയുടെ പ്രവർത്തനം താൽക്കാലികമായെങ്കിലും നിർത്തിവെക്കാതെ ശുദ്ധീകരണത്തിന് സാധ്യമാവില്ലെന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി നൽകിയ കത്ത് കെ.എസ്.ഇ.ബി തള്ളിയിരുന്നു. ശനിയാഴ്ച വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയിട്ടുണ്ട്. പ്രളയത്തിന് മുമ്പ് തന്നെ പീച്ചിയിൽ നിന്നുള്ള കുടിവെള്ള വിതരണം മഞ്ഞ നിറം കലർന്നതായിരുന്നു. ഇതിെൻറ പരാതി ഉയർന്നപ്പോൾ ചില ഭാഗങ്ങളിൽ മാറ്റിയിട്ട പൈപ്പുകളിൽ നിന്നുള്ള വെള്ളം ആദ്യമൊഴുകുന്നത് കൊണ്ടെന്നായിരുന്നു വിശദീകരണം. പിന്നാലെ കനത്ത മഴയും പ്രളയവുമായതോടെ വെള്ളം ഇളകി മറിഞ്ഞതിെൻറയാണെന്ന വിലയിരുത്തലിലായിരുന്നു. കുടിവെള്ളാവശ്യത്തിന് മാത്രമല്ല, മറ്റൊരു ഉപയോഗത്തിനും സാധ്യമല്ലാത്ത വിധത്തിൽ കലങ്ങിയ വെള്ളം നിരന്തരം ലഭിക്കുന്ന സാഹചര്യത്തിലായിരുന്നു കൂടുതൽ പരാതി ഉയർന്നത്. കെ.എസ്.ഇ.ബിയുടെ ടർബൈനുകൾ െവള്ളത്തിനടിയിൽ പ്രവർത്തിക്കുന്നതു കൊണ്ടാണ് വെള്ളത്തിന് നിറംമാറ്റമെന്നും പ്രവർത്തനം നിർത്തിയാലേ വെള്ളം ശുദ്ധീകരിക്കാനാവൂ എന്നുമാണ് വാട്ടർ അതോറിറ്റി പറയുന്നത്. എന്നാൽ ഈ വാദത്തെ കെ.എസ്.ഇ.ബി എതിർക്കുന്നു. വെള്ളം എത്തിക്കുന്ന പ്ലാൻറിെൻറ കുഴപ്പം കൊണ്ടാണെന്നാണ് അവരുടെ വാദം. കോർപറേഷൻ പരിധിയിൽ കുടിവെള്ളം വിതരണം ചെയ്യേണ്ട ഉത്തരവാദിത്തം കോർപറേഷനാണെന്നിരിക്കെ വ്യാപക പരാതി ഉയർന്നിട്ടും കോർപറേഷൻ, വാട്ടർ അതോറിറ്റിയുടെ ചുമലിൽ ചാരി ൈകയൊഴിഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.