മാള: പുഴകയറി കനത്ത നഷ്ടം സംഭവിച്ച വീടുകളിൽ സർവേക്ക് അധികൃതർ എത്താൻ വൈകുന്നെന്ന് ആക്ഷേപം. അടിയന്തര സഹായമായ പതിനായിരം രൂപയെങ്കിലും ലഭിച്ചാൽ തൽകാലം വീടുകളിൽ കയറി താമസിക്കാമെന്ന് വീട്ടുകാർ പറയുന്നു. പ്രളയകാല നഷ്ടങ്ങളുടെ കണക്കെടുത്ത് അർഹരായവർക്ക് തുക വിതരണം ചെയ്യുന്ന നടപടി വേഗത്തിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തിരുത്തൂർ കൊക്കാംപാടത്ത് സോമശേഖരെൻറ വീട് പുഴകയറി തകർന്ന നിലയിലാണ്. ഇതിന് സമീപമുള്ള പണിക്കശ്ശേരി ദേവരാജൻ - ശാരദ ദമ്പതികളുടെ വീടും തകർന്നിട്ടുണ്ട്. പുഴയോരത്തുള്ള ഇവരുടെ വീടുകളിൽ വെള്ളം കയറിയതോടെ വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് മാറുകയായിരുന്നു. തിരിച്ചെത്തിയെങ്കിലും ഈ വീടുകൾ താമസയോഗ്യമല്ലാത്തതിനാൽ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ഭീമമായ സംഖ്യ വേണ്ടതുണ്ട്. വീട് പുനർനിർമാണവും സാധ്യമല്ല. ഇവിടേക്ക് അധികൃതർ എത്തിയിട്ടില്ല. തിരുത്തൂർ ലൈല നിവാസിലെ മനോജിന് നഷ്ടമായത് ആയിരക്കണക്കിന് പുസ്തകങ്ങളാണ്. ഓർഡർ പ്രകാരം വിവിധ സ്കൂളുകളിലേക്ക് നൽകാനുള്ള ഇവയെല്ലാം നനഞ്ഞു നശിച്ചു. എൽ.കെ.ജി മുതൽ എൽ.പി വരെ ഉപയോഗിക്കാവുന്ന ഡ്രോയിങ് ബുക്കുകളാണധികവും. ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുഴയോര പ്രദേശങ്ങളിലേക്ക് അധികൃതർ ചെന്നെത്താത്ത നടപടിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.