മാള: കരിങ്ങോൾചിറ പാലം നിർമാണത്തിന് എട്ടുവർഷം മുമ്പുള്ള പഴയ നിരക്കിൽ നിർമാണം പൂർത്തീകരിക്കുന്നതിന് കരാറുകാരൻ നൽകിയ കാലാവധി വ്യാഴാഴ്ച അവസാനിക്കും. പത്തുലക്ഷം രൂപയിൽ താഴെയുള്ള നിർമാണ പ്രവൃത്തികൾ മാത്രമാണ് ബാക്കിയുള്ളത്. നിർമാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കരിങ്ങോൾചിറ പാലത്തിൽ വ്യാഴാഴ്ച ജനകീയ കൂട്ടായ്മ പ്രതീകാത്മക ഉദ്ഘാടനം നടത്തും. കാലപ്പഴക്കം ചെന്ന പഴയപാലം കോൺക്രീറ്റുകൾ തകർന്ന് അപകടകരമായ അവസ്ഥയിലാണ്. ഇടതു സർക്കാർ രണ്ടുകോടിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയ സ്ലൂയിസ് കം ബ്രിഡ്ജ് നിർമിക്കേണ്ടത് കേരള സംസ്ഥാന ജലസേചന വകുപ്പാണ്. അപ്രോച്ച് റോഡിനായി സംസ്ഥാന വഖഫ്ബോർഡ് സ്ഥലം വിട്ടുനൽകാൻ എതിർപ്പില്ല എന്ന് രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങൾ വേണ്ടവിധം പൂർത്തിയാക്കാൻ ഇതുവരെ അധികൃതർക്കായിട്ടില്ല. നിർമാണം പൂർത്തീകരിക്കാൻ പുതിയ ടെൻഡറും പുതിയ കരാറുകാരനും വേണ്ടിവരും. അതിന് വീണ്ടും കാലതാമസം എടുക്കുകയും സർക്കാറിന് സാമ്പത്തികനഷ്ടം ഉണ്ടാകുകയും ചെയ്യും. പഴയ പാലത്തിലൂടെയുള്ള യാത്ര ദുരന്തങ്ങൾക്ക് കാരണമായേക്കുമെന്ന് ഭയത്തിലാണ് നാട്ടുകാർ. രാവിലെ ഒമ്പതിന് നടക്കുന്ന ജനകീയ ഉദ്ഘാടനത്തിന് നാട്ടുകാരോടൊപ്പം സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.