പദ്ധതി വിഹിതത്തിൽ താൽക്കാലികമായി തങ്ങുന്നവരെ കൂടി പരിഗണിക്കണം -ധനകാര്യ കമീഷനു മുന്നിൽ നഗരസഭ

ഗുരുവായൂര്‍: പദ്ധതികൾക്ക് പണം അനുവദിക്കുന്നതിൽ താൽക്കാലികമായി തങ്ങുന്നവരെ കൂടി ('ഫ്ലോട്ടിങ് പോപ്പുലേഷൻ') പരിഗണിക്കണമെന്ന് ഗുരുവായൂർ നഗരസഭ 15ാം ധനകാര്യ കമീഷനു മുന്നിൽ ആവശ്യം ഉന്നയിച്ചു. കമീഷൻ അംഗങ്ങൾ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴാണ് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി നിവേദനം നൽകിയത്. ശ്രീവത്സം ഗെസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം അനുവദിക്കുന്നത് നിലവിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ജനസംഖ്യ മാത്രം മാനദണ്ഡമാക്കുമ്പോൾ ഗുരുവായൂരിന് വലിയ നഷ്ടം സംഭവിക്കുന്നതായി ധനകാര്യ കമീഷനെ നഗരസഭാധ്യക്ഷ അറിയിച്ചു. എഴുപതിനായിരത്തോളം മാത്രമാണ് നഗരസഭയുടെ ജനസംഖ്യ. എന്നാൽ ഏകദേശം മൂന്ന് കോടിയോളം തീർഥാടകർ ഗുരുവായൂരിൽ ഒരു വർഷം എത്തുന്നുവെന്നാണ് കണക്ക്. ഈ വലിയ ജനസഞ്ചയത്തെ ഉൾക്കൊള്ളാനും അനുബന്ധ സൗകര്യങ്ങളൊരുക്കാനും മാലിന്യനിർമാർജനം പോലുള്ളവക്കും നഗരസഭ ചെലവഴിക്കുന്ന ഫണ്ട്കൂടി പദ്ധതി വിഹിതത്തിൽ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി. തീർഥാടന കേന്ദ്രങ്ങളെ ധനകാര്യ കമീഷൻ റിപ്പോർട്ടിൽ പ്രത്യേകം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ക്ഷേത്ര ദർശനത്തിനെത്തിയ കമീഷൻ അംഗങ്ങളെ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.