തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച തർക്കം വൈസ് ചാൻസലറുടെ തീർപ്പിന് വിട്ടു. വ്യാഴാഴ്ച്ച സർവകലാശാല ആസ്ഥാനത്തു ചേർന്ന ഭരണസമിതി യോഗമാണ് മുൻ ഭരണസമിതി യോഗ തീരുമാനം നടപ്പാക്കുന്ന കാര്യം വി.സി ഡോ. ആർ. ചന്ദ്രബാബുവിന് വിട്ടത്. ഈ സാഹചര്യത്തിൽ സി.പി.എം അനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ അനിശ്ചിതകാല നിരാഹാര സമരം തുടരാൻ തീരുമാനിച്ചു. ശനിയാഴ്ച മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ സർവകലാശാലയിൽ എത്താനിരിക്കെയാണ് സി.പി.എം സംഘടന സമരം തുടരുന്നത്. ജോയൻറ് രജിസ്ട്രാർ പദവിയിലേക്കുള്ള സ്ഥാനക്കയറ്റമാണ് സർവകലാശാലയിൽ സി.പി.എം, സി.പി.ഐ പോരിന് കളമൊരുക്കിയത്. സി.പി.എം സംഘടന ദിനേശനെ ഈ സ്ഥാനത്തേക്ക് നിർദേശിച്ചപ്പോൾ സി.പി.ഐ സംഘടന ജൂനിയറായ റാഫിയെ നിർദേശിച്ചു. കഴിഞ്ഞ ഭരണസമിതി യോഗം ദിനേശെൻറ നിയമനത്തിന് അംഗീകാരം നൽകി. എന്നാൽ, തീരുമാനം ഉത്തരവാക്കാൻ വി.സിയും രജിസ്ട്രാറും തയാറായില്ല. ഇതോടെയാണ് സി.പി.എം സംഘടന റിലേ സത്യഗ്രഹം തുടങ്ങിയത്. സമരം അടുത്ത ഘട്ടത്തിലേക്ക് കടന്ന് നിരാഹാരമായി. ഏറ്റവും സീനിയറായ ആൾക്കു മാത്രമെ ജോയൻറ് രജിസ്ട്രാർ പദവി അനുവദിക്കുകയുള്ളൂവെന്നാണ് കഴിഞ്ഞ ദിവസം സി.പി.എം സംഘടനയുമായി നടത്തിയ ചർച്ചയിൽ പ്രോ ചാൻസലർ കൂടിയായ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞത്. ഇത് ഇന്നലെ ഭരണ സമിതി യോഗത്തിൽ വി.സിയും ആവർത്തിച്ചു. മുൻ ഭരണസമിതി തീരുമാനം മറികടന്ന് മന്ത്രിയുടെയും വി.സിയുടെയും നിലപാടാണ് ഉത്തരവായി ഇറങ്ങുന്നതെങ്കിൽ കോൺഗ്രസ് സംഘടന അപ്രതീക്ഷിത നേട്ടമുണ്ടാക്കും. ആ സംഘടനയിൽപെട്ട സുനിത ജോയൻറ് രജിസ്ട്രാറാവും. പ്രതിപക്ഷ സംഘടനക്ക് നേട്ടമുണ്ടായാലും സി.പി.എം സംഘടനക്ക് പദവി കിട്ടാൻ അനുവദിക്കില്ലെന്നാണ് സർവകലാശാല ഭരണം കൈയാളുന്ന സി.പി.ഐയുടെ നിലപാട്. എന്നാൽ അധ്യാപകരെ ഇത്തരമൊരു മാനദണ്ഡം നോക്കാതെ, സംഘടന ഭേദമില്ലാതെ സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നിയമിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയോട് ആഭിമുഖ്യമുള്ള സംഘടനയായിട്ടും കർഷിക സർവകലാശാലയിൽ മുന്നണിയിലെ ഘടകകക്ഷിയുടെ ചവിട്ടും തൊഴിയുമേൽക്കുന്നതിെൻറ രോഷം സി.പി.എമ്മിെൻറ അധ്യാപകേതര സംഘടനക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.