ആറ്​ റീച്ചുകളിലായി കാലവർഷത്തിനു മുമ്പുള്ള ദേശീയപാത അറ്റകുറ്റപ്പണി

തിരുവനന്തപുരം: കാലവർഷം തുടങ്ങുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ ദേശീയപാതയുടെ അറ്റകുറ്റപ്പണി ആരംഭിക്കുന്നു. മഴക്കാലത്തു തകരാൻ സാധ്യതയുള്ള ഭാഗത്തെ ദേശീയപാതയുടെ ഉപരിതലം മിനുക്കുന്ന ജോലികൾക്കുള്ള നടപടിക്രമങ്ങൾ ഇതിനകം ആരംഭിച്ചു. സംസ്ഥാനത്തെ ദേശീയപാതയെ ആറ് റീച്ചുകളായി തിരിച്ചാണ് ഉപരിതലം മിനുക്കുന്ന ജോലി നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം മുതൽ കൊല്ലം ജില്ലാതിർത്തിയായ കടമ്പാട്ടുകോണം വരെയും ആലപ്പുഴയിലെ കൃഷ്ണപുരം മുതൽ കറ്റാനം വരെയും തൃശൂർ, കാസർകോട് ജില്ലയിലെ രണ്ടുവീതം റീച്ചുകളിലുമാണ് ദേശീയപാതയുടെ ഉപരിതലം മിനുക്കുന്നത്. ഉപരിതലം മിനുക്കുന്നതിനുള്ള നിർമാണ ജോലികളുടെ ഷോർട്ട് ടെൻഡർ നടപടി ദേശീയപാത വിഭാഗം ആരംഭിച്ചു. ഏഴുദിവസത്തിനുള്ളിൽ ടെൻഡർ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും. മഴക്കാലപൂർവ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രഫണ്ട് ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മറ്റിനങ്ങൾക്ക് ഉപയോഗിക്കേണ്ട ഫണ്ട് വിനിയോഗിക്കും. കേന്ദ്ര ഫണ്ട് ലഭിക്കുമ്പോൾ ഇതു തിരികെ നൽകാമെന്ന വ്യവസ്ഥയിലാകും ഫണ്ട് വിനിയോഗിക്കുക. മുമ്പ് നടത്തിയിരുന്ന കുഴിയടയ്ക്കൽ ജോലികൾ വേണ്ടെന്നുെവച്ചാണ് ഉപരിതലം മിനുക്കൽ (റീ സർൈഫസിങ്) ജോലികൾ നടത്താൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർദേശം നൽകിയത്. കഴിഞ്ഞ വർഷങ്ങളിൽ ഉപരിതലം മിനുക്കിയ ഭാഗങ്ങളിൽ ഇക്കുറി ഉണ്ടാകില്ല. ഇത്തവണ മുഖം മിനുക്കുന്ന ഭാഗങ്ങളിൽ അടുത്ത മൂന്നു വർഷത്തേക്ക് അറ്റകുറ്റപ്പണി വേണ്ടി വരില്ല. ഇതോടൊപ്പം ദേശീയപാതയിൽ വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ വളർന്നുനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന നടപടികളും സ്വീകരിക്കും. റോഡരികിലെ ഓട വൃത്തിയാക്കുന്ന നടപടികളും സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.