അപ്രോച്ച് റോഡ് നിർമാണം വൈകുന്നു

ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ് കമീഷനിങ് വൈകും (ഫോട്ടോ) കൊടകര: മലയോര ജനതയുടെ വികസന പ്രതീക്ഷകളിലൊന്നായ ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജി​െൻറ കമീഷനിങ് അനിശ്ചിതമായി നീളുന്നു. പാലത്തി​െൻറയും ഇതോടനുബന്ധിച്ച റഗുലേറ്ററി​െൻറയും പണികള്‍ ഏറക്കുറെ പൂര്‍ത്തീകരിച്ചിട്ടും അപ്രോച്ച് റോഡുകളുടെ പണികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. അപ്രോച്ച് റോഡ് നിർമാണത്തിന് അനുവദിച്ച തുക കുറവായതിനാൽ ഫണ്ട് വര്‍ധിപ്പിച്ചു കിട്ടണമെന്ന ആവശ്യമാണ് കരാറുകാര്‍ മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ആവശ്യമായ ഫണ്ട് അനുവദിച്ചു കിട്ടിയാല്‍ ആഴ്ചകള്‍ കൊണ്ട് അപ്രോച്ച് റോഡി​െൻറ പണികൾ പൂർത്തീകരിക്കാനാവും. അതേസമയം ഫണ്ട് ഉടന്‍ അനുവദിക്കപ്പെട്ടാല്‍ പോലും മഴക്കാലം കഴിയാതെ ഇനി റോഡുപണി നടത്താനാവില്ല. ഈ വേനലില്‍ പാലം ഗതാഗതത്തിനു തുറന്നുകിട്ടുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. കൊടകര, മറ്റത്തൂര്‍, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ കാര്‍ഷിക വാണിജ്യ മേഖലകളുടെ പുരോഗതിക്ക് വഴിതുറക്കുന്നതാണ് കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ്. നബാര്‍ഡി​െൻറ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തി 2008ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അഞ്ച് കോടി രൂപയായിരുന്നു ആദ്യഘട്ടം അനുവദിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പണികള്‍ പകുതി ഘട്ടമെത്തിയപ്പോഴേക്കും സ്തംഭിച്ചു. പദ്ധതിയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പിന്നീട് പൂര്‍ത്തീകരണത്തിന് രണ്ടാം ഘട്ടമായി ഏഴുകോടിയോളം സര്‍ക്കാര്‍ അനുവദിച്ചു. 2016 ഒക്ടോബറിലാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. റഗുലേറ്ററി​െൻറയും അപ്രോച്ച് റോഡി​െൻറയും പണികള്‍ പൂര്‍ത്തീകരിച്ച് പാലം ഗതാഗതത്തിന് തുറക്കുന്നതോടെ കൊടകര,മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകള്‍ക്ക് കാര്‍ഷിക, വാണിജ്യ പുരോഗതി കൈവരും. ചിമ്മിനി ടൂറിസം പദ്ധതിയുടെ വികസനത്തിനും ആറ്റപ്പിള്ളി പാലം വഴി തുറക്കും. തെക്കന്‍ജില്ലകളില്‍ നിന്ന് ചിമ്മിനി ഡാമിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആമ്പല്ലൂര്‍ വഴി ചുറ്റാതെ ദേശീയപാതയിലെ കൊടകരയില്‍ നിന്ന് മറ്റത്തൂര്‍, നന്തിപുലം, വരന്തരപ്പിള്ളി വഴി എളുപ്പത്തില്‍ ചിമ്മിനി ഡാമിലെത്താം. കൊടകര - വരന്തരപ്പിള്ളി, കൊടകര - മുപ്ലിയം, കനകമല - വരന്തരപ്പിള്ളി റൂട്ടുകളില്‍ പുതിയ ബസ് സര്‍വിസുകള്‍ ആരംഭിക്കാനും മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനും പാലം തുറക്കുന്നതോടെ സാധ്യമാകും. പാലത്തിനോട് അനുബന്ധിച്ച് റഗുലേറ്ററില്‍ വെള്ളം സംഭരിക്കപ്പെടുന്നതോടെ വരന്തരപ്പിള്ളി മറ്റത്തൂര്‍ പഞ്ചായത്തുകളിലെ ജലസേചന സൗകര്യം പതിന്മടങ്ങ് വര്‍ധിക്കുകയും കാര്‍ഷികോൽപാദനം വര്‍ധിക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് ഇറിഗേഷന്‍ വകുപ്പ് പുഴയില്‍ നിർമിക്കുന്ന വാസുപുരം ചക്കാലക്കടവ്, തോട്ടുമുഖം എന്നിവിടങ്ങളിലെ താല്‍ക്കാലിക മണ്‍ചിറകള്‍ ഒഴിവാക്കാനും സാധിക്കും. പുഴയോര പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം കൂടുതല്‍ കാര്യമാക്കാനും റഗുലേറ്ററില്‍ സംഭരിക്കപ്പെടുന്ന വെള്ളം ഉപയോഗപ്പെടും. ക്യാപ്ഷന്‍ 1.ആറ്റപ്പിള്ളി റഗുലേറ്റര്‍ ബ്രിഡ്ജ് 2. ആറ്റപ്പിള്ളി പാലത്തി​െൻറ അപ്രോച്ച് റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.