ഏങ്ങണ്ടിയൂരിൽ സ്കൂൾ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനമെന്ന്​ പഞ്ചായത്ത് പ്രസിഡൻറ്

ചാവക്കാട്: ഏങ്ങണ്ടിയൂരിലെ അൺ എയ്ഡഡ് സ്കൂളിൽ തീവ്രവാദ പ്രവർത്തനം നടക്കുന്നതായി താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പിള്ളിയാണ് ശനിയാഴ്ച നടന്ന വികസന സമിതി യോഗത്തിൽ ഗുരുതര ആരോപണമുന്നയിച്ചത്. ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ ഒരു വീട്ടു നമ്പർ ഇട്ട കെട്ടിടത്തിലാണ് സ്കൂളി​െൻറ പേരിൽ ചിലർ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇവിടെ നടക്കുന്ന പ്രവർത്തനം മേഖലയിലെ സാമുദായിക സൗഹാർദം തകർക്കുമെന്ന് ഉദയ് ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തി​െൻറ ഗൗരവം അഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഗുരുവായൂർ, ചാവക്കാട് നഗരസഭകളിലേക്ക് ശുദ്ധജലമെത്തിക്കുന്ന കരുവന്നൂർ പദ്ധതിയിൽ ഏങ്ങണ്ടിയൂർ പഞ്ചായത്തിനെ കൂടി ഉൾപ്പെടുത്തണമെന്നും ഉദയ് തോട്ടപ്പിള്ളി ആവശ്യപ്പെട്ടു. കരുവന്നൂരിൽ നിന്ന് പൈപ്പുവഴി കൊണ്ടുവരുന്ന വെള്ളം ഏങ്ങണ്ടിയൂരിൽ സംഭരിച്ചാണ് ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലേക്ക് കൊണ്ടുപോകുന്നത്. ഒരു കാലത്ത് ജലലഭ്യത കൂടുതലുണ്ടായിരുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ നിന്ന് അയൽപഞ്ചായത്തുകളിലേക്ക് കുടിവെള്ളം നൽകിയിരുന്നു. ഇപ്പോൾ ഏങ്ങണ്ടിയൂർ പഞ്ചായത്തി​െൻറ പല ഭാഗത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഉദയ് പറഞ്ഞു. ചാവക്കാട് നഗരത്തിലെ ഗതാഗത സ്തംഭനം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പതിവു പോലെ ഈ യോഗത്തിലും ആവശ്യമുയർന്നു. ടാങ്കറുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ രേഖാമൂലം അറിയിച്ചു. ഒരുമനയൂർ പഞ്ചായത്തിലെ ദേശീയപാതയിൽ കുടിവെള്ള പൈപ്പിടാൻ നിർമിച്ച കുഴികളിലെ മണ്ണ് റോഡി​െൻറ കാനയിൽ നിറഞ്ഞു കിടക്കുന്നതിനാൽ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഭീഷണിയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആഷിത കുണ്ടിയത്ത് പറഞ്ഞു. മിനി സിവിൽ സ്റ്റേഷനു മുന്നിൽ അനധികൃതമായി കച്ചവട കേന്ദ്രങ്ങളും വാഹന പാർക്കിങ്ങും വർധിക്കുന്നതിനാൽ ജനങ്ങൾക്കുള്ള ബുദ്ധിമുട്ടിന് പരിഹാരം കാണുക, ദേശീയപാതയിൽ വർധിച്ചു വരുന്ന അപകട മരണങ്ങൾ ഒഴിവാക്കാൻ പൊലീസ് നടപടി കർശനമാക്കുക, മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അംഗങ്ങൾ ഉന്നയിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. ആഷിത, രതി എം. ശങ്കർ, സന്ധ്യ രാമകൃഷ്ണൻ, ഉദയ് തോട്ടപ്പിള്ളി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. യതീന്ദ്രദാസ്, എം.കെ. ഷംസുദ്ദീൻ, പി. മുഹമ്മദ് ബഷീർ, ടി.പി. ഷാഹു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.