പയ്യൂർ കാക്കാൻ തോട് വികസിപ്പിക്കുന്നു

കേച്ചേരി: നഗരസഭയുടെയും രണ്ട് പഞ്ചായത്തുകളുെടയും അതിർത്തികൾ പങ്കിടുന്ന പയ്യൂർ കാക്കാൻ തോട് സമഗ്ര വികസനത്തിനൊരുങ്ങുന്നു. ചൂണ്ടൽ, ചൊവ്വന്നൂർ പഞ്ചായത്തുകളും കുന്നംകുളം നഗരസഭ അതിർത്തിയും പങ്കിടുന്നതാണ് കാക്കാൻ തോട്. പയ്യൂർ പാടശേഖരത്തിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ്. ചൂണ്ടൽ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഉൾപ്പെടുന്ന ഒന്നര കിലോമീറ്റർ ദൂരത്തിൽ 1.5 മീറ്റർ ആഴം കൂട്ടി ചെക്ക്ഡാമുകൾ നിർമിച്ച് ജലം സംഭരിക്കാനാണ് പദ്ധതിയിടുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി തോടി​െൻറ പാർശ്വഭിത്തികൾ കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുകയും ചെയ്യും. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. പത്മിനി അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുക. വാർഡ് മെമ്പർ ടി.എ. മുഹമ്മദ് ഷാഫിയാണ് പദ്ധതി രൂപകൽപന ചെയ്തത്. ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഏപ്രിൽ മാസത്തിൽ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വിജയിച്ചാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ ആശ്വാസമാകും. കൂടാതെ ഒരു വിരിപ്പ് മാത്രം ചെയ്യുന്ന നെൽകൃഷി വ്യാപിപ്പിക്കാനും പച്ചക്കറി കൃഷി നടത്താനും പദ്ധതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.