ജീവിക്കാന്‍ ആവശ്യത്തിന് മാത്രമേ നേടാവൂ -ബന്‍വാരിലാല്‍ പുരോഹിത് തൃശൂര്‍: ജീവിക്കാന്‍ ആവശ്യത്തിന് മാത്രമേ നേടാവൂ എന്ന് തമിഴ്‌നാട് ഗവര്‍ണറും ഭാരതീയ വിദ്യാഭവന്‍ ഉപാധ്യക്ഷനുമായ ബന്‍വാരിലാല്‍ പുരോഹിത് പറഞ്ഞു. കോരപ്പത്ത് ലൈനില്‍ ഭാരതീയ വിദ്യാഭവന്‍ ധര്‍മ മൈത്രി മന്ദിരത്തിെൻറയും പുസ്തകശാലയുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും അത്യാഗ്രഹമാണ്. അവിശുദ്ധമായ പണം നമ്മുടെ കൈയില്‍ വരാന്‍ പാടില്ല. പത്ത് വര്‍ഷം അടുപ്പമുണ്ടായിരുന്ന ഇന്ത്യയുടെ പ്രസിഡൻറായ അബ്ദുൽ കലാം രാഷ്ട്രപതി ഭവനിലേക്ക് പോയപ്പോള്‍ കൊണ്ടുപോയത് രണ്ടു സ്യൂട്ട്‌കെയ്‌സുകള്‍ മാത്രമാണ്. ഒന്നില്‍ ബുക്കുകളും രണ്ടാമത്തേതില്‍ തുണികളുമായിരുന്നു. അദ്ദേഹം രാഷ്ട്രപതി ഭവന്‍ വിട്ടപ്പോഴും രണ്ടു സ്യൂട്ട്‌കെയ്‌സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിതത്തില്‍ മാതൃകയാക്കേണ്ടത് ഇത്തരം ആളുകളെയാണ്. വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ സംസ്‌കാരം കടന്നുവരുന്നത് ഭാരത സംസ്‌കാരത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറിയ ക്ലാസുകളില്‍ ഭാരതീയ സംസ്‌കൃതി പഠിപ്പിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം നിർദേശിച്ചു. സമയം ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതാണ്. പ്രത്യേകിച്ച് അധ്യാപകര്‍ ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കേണ്ടവരാണ്. താന്‍ നാഗ്പുര്‍ ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാനായിരുന്നപ്പോള്‍ ഉണ്ടായ അനുഭവം പങ്കുെവച്ചാണ് സമയനിഷ്ഠയെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരിച്ചത്. നാനി പാല്‍ക്കിവാല പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം തിരിച്ച് പോയി തനിക്കൊരു പാര്‍സല്‍ അയച്ചു. അതില്‍ ടൈം മാനേജ്മെൻറിനെ കുറിച്ചുള്ള അഞ്ച് പുസ്തകങ്ങളാണുണ്ടായിരുന്നത്. ഇതോടെയാണ് സമയനിഷ്ഠയെക്കുറിച്ചുള്ള പ്രാധാന്യം ജീവിതത്തില്‍ പകര്‍ത്തിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു. 1986ല്‍ ഭാരതീയ വിദ്യാഭവെൻറ സ്‌കൂള്‍ ഉദ്ഘാടനത്തിന് തൃശൂരില്‍ എത്തിയപ്പോള്‍ ഇവിടുത്തെ വളര്‍ച്ച കണ്ട് ആരോടും പറയാതെ മൂന്ന് പേരെ നാഗ്പുര്‍ വിദ്യാഭവനിലേക്ക് കൊണ്ടുപോയ രഹസ്യവും ഗവര്‍ണര്‍ വെളിപ്പെടുത്തി. ഭവന്‍സ് ചെയര്‍മാൻ കൂടിയായ കലക്ടർ ഡോ. എ. കൗശിഗന്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ, മുഹമ്മദ് ഫൈസി ഓണമ്പിള്ളി എന്നിവര്‍ സംസാരിച്ചു. ഭവന്‍സ് കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, തൃശൂര്‍ ഭവന്‍സ് കേന്ദ്ര വൈസ് ചെയര്‍മാന്‍ പി. ചിത്രന്‍നമ്പൂതിരിപ്പാട്, എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, അസോസിയേറ്റ് സെക്രട്ടറി വി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.