റിലയൻസ്​ കേബിൾ: പിഴ ഇൗടാക്കുന്നത്​ പൊതുമരാമത്ത്​ കമ്മിറ്റിക്ക്​ വിട്ടു

തൃശൂർ: റിലയൻസ് കേബിൾ ഇടപാടിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ച. സി.പി.എം നിയന്ത്രണത്തിലുള്ള പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കമ്മിറ്റിക്കുമെതിരെ ഭരണപക്ഷത്ത് നിന്നുതന്നെ ആരോപണം ഉയർത്തിയത് ചൂടേറിയ വാഗ്വാദങ്ങൾക്കും ഇടയാക്കി. 2013ൽ യുഡി.എഫ് ഭരണസമിതിയുടെ കാലത്ത് കേബിളിടാൻ അനുമതി നൽകിയിരുന്നു. ഇത് പിന്നീട് അനധികൃതമായി നടത്തിയത് സംബന്ധിച്ച് കൗൺസിലർമാർ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ പിഴ ഇൗടാക്കാനുള്ള നിർദേശമാണ് അജണ്ടയായി തിങ്കളാഴ്ച കൗൺസിലിൽ ചർച്ചക്ക് വന്നത്. റിലയൻസ് ഇപ്പോഴും അനധികൃതമായി വെട്ടിപ്പൊളിക്കുന്നുണ്ടെന്നും വിജിലൻസിന് വിട്ട ഫയൽ ഇപ്പോഴും ചർച്ചക്കെടുക്കുന്നത് റിലയൻസിൽനിന്നും പണം പറ്റാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാ​െൻറ അസാന്നിധ്യവും പ്രതിപക്ഷം ഉന്നയിച്ചു. 2016ൽ റിലയൻസ് നൽകിയ പുതിയ അപേക്ഷ ഇപ്പോഴും കൗൺസിലിലേക്ക് വിടാതെ പിടിച്ചുവെക്കുന്നത് അഴിമതിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷത്തുനിന്ന് എ. പ്രസാദ് ഉന്നയിച്ചു. സി.പി.എമ്മി​െൻറ അറിവോടെയാണ് റിലയൻസുമായുള്ള വിലപേശൽ. ജോൺ ഡാനിയേൽ, പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദൻ എന്നിവരും ഭരണപക്ഷത്തെ വിമർശിച്ചു. സി.പി.എമ്മിന് ഭയക്കാൻ ഒന്നുമില്ലെന്നും ഈ ഭരണസമിതി റിലയൻസിന് അനുമതി നൽകിയിട്ടില്ലെന്നും അനൂപ് കരിപ്പാൽ വാദിച്ചു. അതേസമയം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ പ്രതിരോധിക്കാൻ അനൂപ് ശ്രമിക്കാതിരുന്നതും ശ്രദ്ധേയമായി. ഇതോടെ ഭരണ-പ്രതിപക്ഷാംഗങ്ങൾ കൊമ്പുകോർത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്തെങ്കിലും ക്രമക്കേട് കാണിച്ചുവെന്ന് സി.പി.എമ്മിനോ ഇടതുമുന്നണിക്കോ അഭിപ്രായമില്ലെന്ന് വർഗീസ് കണ്ടംകുളത്തി പറഞ്ഞു. റിലയൻസ് ചർച്ച രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ബി.ജെ.പിയും ആരോപിച്ചു. റിലയൻസ് അനധികൃതമായി വെട്ടിപ്പൊളിക്കുന്ന സാഹചര്യത്തിൽ പിഴ ഇൗടാക്കാൻ പൊതുമരാമത്ത് കമ്മിറ്റിയുടെ ശിപാർശ തേടാനുള്ള തീരുമാനെത്ത പ്രതിപക്ഷം വിമർശിച്ചു. എന്നാൽ, നടപടിയുമായി മുന്നോട്ടു പോവാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. കരാറി​െൻറ മറവില്‍ അനുമതിയില്ലാതെ 10.46 കിലോമീറ്റര്‍ അധികമായി റിലയന്‍സ് േകബിളിട്ടതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിന് പിഴ നിശ്ചയിക്കാന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയേയും കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറേയും കൗണ്‍സില്‍ ചുമതലപ്പെടുത്തി. ഇതര കോര്‍പറേഷനുകളിലെ നിരക്കുകള്‍ കൂടി കണക്കിലെടുത്താകും പിഴ നിശ്ചയിക്കുകയെന്ന് മേയര്‍ അജിത ജയരാജന്‍ അറിയിച്ചു. പ്രതിപക്ഷം കഴിവുകെട്ടവർ-രാജൻ പല്ലൻ തൃശൂർ: കോർപറേഷനിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷം കഴിവുകെട്ടവരാണെന്ന് മുൻ മേയർ കൂടിയായ രാജൻ പല്ലൻ. റിലയൻസ് വിവാദ ചർച്ചക്കിടയിലാണ് സ്വയം വിമർശനത്തോടെയാണ് ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് അറിയിച്ച് കോൺഗ്രസിെനതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ഭരണപക്ഷത്തുള്ളവരേക്കാൾ കൂടുതൽ അംഗങ്ങൾ പ്രതിപക്ഷത്തുണ്ട്. എന്നിട്ടും ശരിയായ വിധത്തിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. ബി.ജെ.പി‍യെയും കോൺഗ്രസിനെയും ഭിന്നിപ്പിച്ച് നിർത്തുന്നതിൽ ഭരണപക്ഷത്തി‍​െൻറ വിജയം അംഗീകരിക്കുന്നു. വിജിലൻസിന് വിട്ട ഫയലിൽ വീണ്ടും നടപടികളിലേക്ക് കടക്കുന്നത് നിയമപരമായി തെറ്റാണ്. ഇപ്പോൾ നടക്കുന്നത് ആൾക്കൂട്ടത്തിനിടയിൽ മാല പൊട്ടിച്ചോടുന്ന കള്ളന്മാരെ പോലെയാണ് സി.പി.എം റിലയൻസ് ചർച്ച നടത്തുന്നതെന്നും രാജൻ പല്ലൻ ആരോപിച്ചു. ശിവസുന്ദറിന് അനുശോചനം തൃശൂർ: ചികിത്സയിലിരിക്കെ ചെരിഞ്ഞ കൊമ്പൻ തിരുവമ്പാടി ശിവസുന്ദറിന് കോർപറേഷൻ കൗൺസിലി​െൻറ അനുശോചനം. ൈഹകോടതി മുൻ ജഡ്ജിയും വനിത കമീഷൻ മുൻ ചെയർപേഴ്സണുമായിരുന്ന ജസ്റ്റിസ് ഡി.ശ്രീദേവിക്ക് അനുശോചനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശിവസുന്ദറിനും കൗൺസിൽ അനുശോചനം രേഖപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.