നെല്ല് സംഭരണം: കർഷകർക്കുള്ള കയറ്റുകൂലി വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി പി.തിലോത്തമൻ

തൃശൂർ: ജില്ലയിൽ നെല്ല് സംഭരണത്തിന് കയറ്റുകൂലി ഇനത്തിൽ കർഷകർക്ക് നൽകുന്ന തുക വർധിപ്പിക്കുന്നത് സർക്കാറി​െൻറ പരിഗണനയിലെന്ന് മന്ത്രി പി.തിലോത്തമൻ. മുരളി പെരുനെല്ലി എം.എൽ.എയുടെ നിയമസഭയിലെ സബ്മിഷനാണ് മന്ത്രി മറുപടി പറഞ്ഞത്. നിലവിൽ 12 രൂപയാണ് ഒരു ക്വിൻറൽ നെല്ല് കയറ്റുന്നതിന് കർഷകർക്ക് നൽകുന്നത്. ഇത് വർധിപ്പിക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. സപ്ലൈകോയും മില്ലുടമകളും തമ്മിൽ നിലവിലുള്ള കരാർപ്രകാരം കൊയ്ത്തുകഴിഞ്ഞ് നെല്ല് ചാക്കിലാക്കി തുന്നിക്കെട്ടി തൂക്കം നോക്കി വാഹനത്തിൽ കയറ്റുന്ന പണി മില്ലുടമകളാണ് ചെയ്യേണ്ടത്. എന്നാൽ ഈ പണികൾ കർഷകരെ കൊണ്ട് ചെയ്യിക്കുന്നു. നെല്ല് സ്വീകരിക്കില്ലെന്ന മില്ലുകാരുടെ ഭീഷണിക്ക് വഴങ്ങി കർഷകർ ഈ ജോലികൾ ചെയ്യാൻ നിർബന്ധിതരാവുകയാണ്. മില്ലുകാർ അവരുടെ ചുമതല നിർവഹിക്കാൻ തയാറാവണമെന്നും അല്ലെങ്കിൽ കർഷകർക്ക് സർക്കാർ അനുവദിച്ച തുക നൽകണമെന്നും മുരളി പെരുനെല്ലി സബ്മിഷനിൽ ഉന്നയിച്ചു. കേന്ദ്രസർക്കാർ നടപ്പാക്കിയ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ നെൽകർഷകർ ഉൽപാദിപ്പിക്കുന്ന നെല്ല് നിശ്ചിത ഗുണമേന്മ മാനദണ്ഡങ്ങൾക്കനുസൃതമായി ഏറ്റെടുത്ത് കേരളത്തിലെ ആധുനിക അരിമില്ലുകളിൽ സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന നോഡൽ ഏജൻസിയായി സപ്ലൈകോയാണ് പ്രവർത്തിക്കുന്നത്. നെല്ല് ഏറ്റെടുത്തത് മുതൽ സംസ്കരിച്ച് അരിയാക്കി വിതരണ യോഗ്യമാക്കുന്നതു വരെയുള്ള പ്രവൃത്തികൾക്ക് പ്രോസസിങ് ചാർജായി ക്വിൻറലിന് 214 രൂപയാണ് സൈപ്ലകോ മില്ലുകൾക്ക് നൽകുന്നത്. ഇതി​െൻറ വിഭജനത്തിലാണ് കയറ്റുകൂലിയായി 12 രൂപ ഉൾപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.