പതിനാലുകാരിയുടെ 'പട്ടിണി ജീവിതം'; പുനരധിവാസത്തിന് മന്ത്രിയുടെ നിർദേശം

പതിനാലുകാരിയുടെ 'പട്ടിണി ജീവിതം'; പുനരധിവാസത്തിന് മന്ത്രിയുടെ നിർദേശം ഇംപാക്ട് തൃശൂർ/കുന്നംകുളം: ഓലകെട്ടി മറച്ച കിടപ്പാടത്തിൽ ശൗചാലയ സൗകര്യമില്ലാത്തതിനാൽ സ്കൂൾ അവധിദിനങ്ങളിൽ പട്ടിണികിടക്കുന്ന പതിനാലുകാരിയുടെ ദുരിത ജീവിതത്തിൽ സർക്കാർ ഇടപെടൽ. പെൺകുട്ടിയെ പുനരധിവസിപ്പിക്കാൻ കലക്ടർക്കും കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർക്കും മന്ത്രി ഡോ. കെ.ടി. ജലീൽ നിർദേശം നൽകി. പെൺകുട്ടിയടങ്ങുന്ന കുടുംബത്തെ മാറ്റി താമസിപ്പിക്കാനും മന്ത്രി നിർദേശിച്ചു. പെൺകുട്ടിയുടെ ദുരിതത്തെ കുറിച്ച് ഇക്കഴിഞ്ഞ ഒമ്പതിന് 'മാധ്യമം' പ്രസിദ്ധീകരിച്ച റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. കലക്ടറുടെ നിര്‍ദേശപ്രകാരം ഞായറാഴ്ച തലപ്പിള്ളി തഹസിൽദാർ പ്രീജകുമാരി കുട്ടിയുടെ താമസസ്ഥലം സന്ദർശിച്ചു. കലക്ടർക്ക് തിങ്കളാഴ്ച റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു. പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ലാതെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന 14 കാരിയെയും കുടുംബത്തെയും കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നല്‍കാന്‍ ശിശുക്ഷേമസമിതിയോടും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വീട്ടിൽ പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ലാത്തതിനാല്‍ അവധിദിവസങ്ങളില്‍ പട്ടിണി കിടക്കേണ്ട ഗതികേടിലാണ് പെൺകുട്ടി. മനസ്സ് നിറഞ്ഞ് ഭക്ഷണം കഴിക്കുന്നത് സ്കൂള്‍ പ്രവൃത്തിദിവസങ്ങളില്‍ മാത്രമാണ്. അവധി ദിവസങ്ങളില്‍ എന്തെങ്കിലും കഴിച്ചെന്ന് വരുത്തും. അച്ഛൻ ചെറുപ്പത്തിൽ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടിക്ക് ചെറിയ ക്ലാസില്‍ പഠിക്കുന്ന അനുജനും അമ്മയും മാത്രമേയുള്ളു . കുന്നംകുളത്ത് ആക്രിക്കടയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ് അമ്മ. കഴിഞ്ഞ ഏഴുവര്‍ഷമായി കിടപ്പും ഭക്ഷണം പാകം ചെയ്യലും എല്ലാം ഒരൊറ്റമുറിയിലാണ്. ചുമരിനോട് ചേര്‍ന്ന് മറച്ചുകെട്ടിയ ഇടമാണ് കുളിമുറി. നിർധനര്‍ക്കുളള ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വെച്ച് തരണമെന്ന് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും അപേക്ഷ നൽകിയിരുന്നുവെങ്കിലും പരിഗണിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.