കാർഷിക സർവകലാശാല നിയമനം അഴിമതിരഹിതമാക്കും -മന്ത്രി തൃശൂർ: കാർഷിക സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പ്രസ്താവിച്ചു. സർവകലാശാലയിൽ അഴിമതിരഹിതമായ നിയമനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ ടൗൺഹാളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലതല പച്ചക്കറി കൃഷി അവാർഡ് ദാനവും കർഷകമിത്ര പദ്ധതി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. നാളികേരം അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കേന്ദ്രനയം നാളികേര കർഷകരെ തകർക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുടെ യോഗം വിളിച്ച് ചേർത്ത് കേന്ദ്രനയത്തിനെതിരെ സമ്മർദം ചെലുത്തും. കാർഷിക ഉൽപന്നങ്ങൾ ന്യായവിലയ്ക്ക് ഏറ്റെടുക്കുന്നതിനും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനുമായി നൂറ് കുടുംബശ്രീ യൂനിറ്റുകൾ ആരംഭിക്കും. സഹകരണ സ്ഥാപനങ്ങളിലൂടെ നെല്ല് പൂർണമായും സംഭരിച്ച് മില്ലുടമകളുടെ ചൂഷണം പൂർണമായും അവസാനിപ്പിക്കും. കാർഷിക കർമസേനയേയും അഗ്രോസർവീസ് സെൻററുകളേയും സംയോജിപ്പിച്ച് വിദഗ്ധരായ തൊഴിലാളികളെ കാർഷിക മേഖലയിൽ ലഭ്യമാക്കും. കർഷക ക്ഷേമ ബോർഡ് നിലവിൽ വരുന്നതോടെ കർഷകർക്ക് എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കും-മന്ത്രി വ്യക്തമാക്കി. ജൈവകൃഷിരംഗത്തെ മികച്ച പഞ്ചായത്തുകൾക്കുള്ള അവാർഡ് ദാനം, പച്ചക്കറി വികസന പദ്ധതി അവാർഡ് വിതരണം എന്നിവയും അദ്ദേഹം നടത്തി. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. കെ. രാജൻ എം.എൽ.എ വൈഗ -2017 അവലോകനം നടത്തി. പ്രിൻസിപ്പൽ കൃഷി ഓഫിസർ അബ്ദുൽ മജീദ് പെരുവാംകുഴിയിൽ, ആത്മ പ്രോജക്ട് ഡയറക്ടർ ഹണി മാത്യു, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ജെന്നി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ആത്മ ടെക്‌നോളജി മീറ്റിെൻറ ഭാഗമായി വിദഗ്ധർ ക്ലാസുകൾ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.