കടമ്പകൾ കടന്നു; പാലം കടക്കാൻ മന്ത്രി കനിയണം

അണ്ടത്തോട്: നിർമാണം പൂർത്തിയാക്കിയ ചലിക്കും പാലത്തിലൂടെ ഗതാഗതം ആരംഭിക്കാൻ ഇനി കനിയേണ്ടത് മന്ത്രി. അണ്ടത്തോട് കെട്ടുങ്ങല്‍ തങ്ങള്‍പ്പടി പ്രദേശവാസികളുടെ ചിരകാലസ്വപ്നമായ ചലിക്കുന്ന പാലമാണ് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും ഉദ്ഘാടനത്തിനായി മന്ത്രിയുടെ കനിവ് കാത്ത് നില്‍ക്കുന്നത്. ഉദ്ഘാടനത്തിന് മന്ത്രിയുടെ തീയതി കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാൽ നൂറ്റാണ്ടിലേറെയായി നാട്ടുകാർ കാത്തിരിക്കുന്ന പാലമാണിത്. നേരത്തെ ഉണ്ടായിരുന്ന മരപ്പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് ജില്ല പഞ്ചായത്ത് അംഗമായിരുന്ന ആർ.പി. ബഷീറി​െൻറ നിരന്തരശ്രമഫലമായാണ് ചലിക്കും പാലം നിർമിച്ചത്. ജില്ല പഞ്ചായത്തും പുന്നയൂർക്കുളം പഞ്ചായത്തും സംയുക്തമായി ഫണ്ട് ചെലവിട്ട് ആരംഭിച്ച പാലം പണി ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം അഞ്ച് വർഷത്തോളം കടലാസിൽ കിടന്നു. എല്ലാ കടമ്പകളും കടന്ന് പണി പൂർത്തിയാക്കിയിട്ട് രണ്ട് മാസം കഴിഞ്ഞു. പാലവുമായി ബന്ധിപ്പിക്കുന്ന ഇരു കരകളിലെയും അപ്രോച്ച് റോഡ് ടാറിങ് കഴിഞ്ഞാലേ ഉദ്ഘാടനമുണ്ടാകൂ എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ടാറിങ് പൂർത്തിയാക്കിയിട്ട് മാസം ഒന്നു കഴിഞ്ഞു. എന്നിട്ടും ഉദ്ഘാടനം നീണ്ടു പോകുകയാണ്. പൊതുമരാമത്ത് മന്ത്രിയോ തദ്ദേശ സ്വയം ഭരണ മന്ത്രിയോ വേണം ഉദ്ഘാടനം നിർവഹിക്കാൻ എന്ന വാശിയിലാണ് പഞ്ചായത്ത് ഭരണപക്ഷം. അവരിലൊരാളുടെ സമയം ലഭിച്ചാലേ പാലം തുറക്കാനാകൂ. എന്നാൽ മന്ത്രിയുടെ തീയതി ഈ മാസം അവസാനമേ ലഭിക്കുകയുള്ളൂവെന്നാണ് പഞ്ചായത്ത് അധികൃതകരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.