കുന്നംകുളം: കാണിപ്പയ്യൂരിലെ പഴയ തൃശൂർ റോഡിൽ വീട് വാടകക്കെടുത്ത് കഞ്ചാവ് വിൽപന നടത്തിയ യുവാക്കൾ പിടിയിൽ. ചൂണ്ടൽ സ്രാമ്പിക്കൽ വീട്ടിൽ രഞ്ജിത് (31), ചൊവ്വല്ലൂർ രാമനത്ത് വീട്ടിൽ അഫ്സൽ (23), മുല്ലശ്ശേരി പാടൂർ വെട്ടിക്കൽ വീട്ടിൽ വിബിൻ (28) എന്നിവരെയാണ് കുന്നംകുളം സി.ഐ കെ.ജി. സുരേഷ്, എസ്.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മൂന്ന് കിലോ കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസ് എത്തുമ്പോൾ ഇവർ കഞ്ചാവ് ചെറിയ പാക്കറ്റുകളിൽ നിറക്കുന്ന ജോലിയിലായിരുന്നു. കുന്നംകുളത്തും സമീപത്തുമുള്ള കോളജുകളിലും മറ്റും ഇവർ സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തഹസിൽദാർ ടി. ബ്രീജാകുമാരി സ്ഥലത്തെത്തി തൊണ്ടിമുതൽ സീൽ ചെയ്ത് കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്ന് കൊണ്ട് വന്ന നീലച്ചടയൻ ഇനത്തിൽപെട്ട കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ടാഴ്ച മുമ്പാണ് സംഘം ഈ വീട് വാടകക്ക് എടുത്തത്. ഇതിനു മുമ്പ് ഇവർ കേസുകളിൽപെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വ്യാഴാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. എ.എസ്.ഐമാരായ സന്തോഷ്, ജയപ്രദീപ്, സിവിൽ പൊലീസ് ഒാഫിസർമാരായ ആരിഫ്, ആശിശ്, സുമേഷ്, സോജുമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.