തൃശൂർ: നടത്തറ ഫാർമേഴ്സ് ബാങ്കിലെ അഴിമതിയാരോപണത്തിൽ വിജിലൻസ് സി.ഐ. സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതി തള്ളി. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരെയും കുറ്റവിമുക്തരാക്കി സമർപ്പിച്ച റിപ്പോർട്ടിനെതിരെ ലഭിച്ച പരാതി പരിഗണിക്കവേയാണു കോടതി തള്ളിയത്. വിജിലൻസ് ഡിവൈ.എസ്.പിയോട് തുടരന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ബാങ്ക് പ്രസിഡൻറും മുൻ പ്രസിഡൻറും ഡയറക്ടർമാരുമടക്കം 15പേരെയാണു പ്രതിപ്പട്ടികയിൽ ചേർത്തിരുന്നത്. നാലാംപ്രതിക്കെതിരെ മാത്രമായിരുന്നു അന്വേഷണത്തിന് ത്വരിതാന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നത്. ബാങ്കിെൻറ ചേരുംകുഴി ശാഖ കെട്ടിടം പണിയാൻ സഹകരണ ജോയൻറ് രജിസ്ട്രാറുടെ മുൻകൂർ അനുമതി വാങ്ങാതെ സ്ഥലംവാങ്ങിയതിനാൽ 1,65,000 രൂപ നഷ്ടപ്പെടുത്തി, കൂടുതൽ വില തീറാധാരത്തിൽ കാണിച്ചു, ക്രമവിരുദ്ധമായി താൽക്കാലിക ജീവനക്കാരെ നിയമിച്ചു, ബാങ്കിെൻറ പുനർനിർമാണത്തിന് ഇലക്ട്രിക്കൽ പണികൾക്കു മാത്രം ക്വട്ടേഷൻ വിളിച്ചില്ല, ക്ലാസ് മൂന്നിൽ പെടുന്ന ബാങ്കിൽ ഉയർന്ന ക്ലാസിൽ പെട്ട ശമ്പളവും ആനുകൂല്യങ്ങളും നൽകി, നടത്തറ ഫാർമേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്ന പേരിൽ 100 രൂപ കൂപ്പൺ അടിച്ചിറക്കി ബാങ്കിലെ ഇടപാടുകാരെ നിർബന്ധിച്ച് എടുപ്പിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളായിരുന്നു ഹരജിയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.